ലഹരികടത്ത് സംഘത്തിന്റെ കാർ പോലീസിന് നേരെ പാഞ്ഞെത്തി; എംഡിഎംഎ വലിച്ചെറിഞ്ഞ് കടന്നുകളഞ്ഞു; പോലീസുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊച്ചി: ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് ആഡംബരകാറിൽ കടത്തുകയായിരുന്ന എംഡിഎംഎ പിടിച്ചെടുക്കാനെത്തിയ പോലീസുകാരെ അപായപ്പെടുത്താൻ ശ്രമിച്ച് പ്രതികൾ. ശേഷം ബാഗ് വലിച്ചെറിഞ്ഞ് പ്രതികൾ കടന്നുകളഞ്ഞു. ചെങ്ങമനാട് സെന്റ് ആന്റണീസ് പള്ളിക്ക് സമീപത്ത് വലിച്ചെറിഞ്ഞ ബാഗിൽനിന്ന് 100 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

ദേശീയപാത കരിയാട് ഭാഗത്ത് തിങ്കളാഴ്ച രാവിലെ 10.20ഓടെയാണ് സംഭവങ്ങൾ അരങ്ങേറിയത്. രഹസ്യവിവരം ലഭിച്ചെത്തിയ പോലീസ് ഇവിടെ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ആഡംബരകാർ പാഞ്ഞുവന്നത്. തുടർന്ന് പോലീസ് കാർ തടഞ്ഞെങ്കിലും അതൊന്നും വകവെക്കാതെ അപായപ്പെടുത്തുംവിധം വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. ഇതോടെ കാറിന്റെ മുന്നിൽ നിന്നും പോലീസുകാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

സംഘത്തെ പിടികൂടാൻ റൂറൽ ജില്ല ഡാൻസാഫ് ടീമും ചെങ്ങമനാട് പോലീസും പിന്നിൽ അതിവേഗം പാഞ്ഞെങ്കിലും റോഡിലെ സാഹസികമായ പിന്തുടരൽ നിരവധി ജീവന് ഭീഷണിയാകുമെന്ന് കണ്ട് പോലീസ് തന്നെ ആ ശ്രമത്തിൽ നിന്നും പിന്തിരിയുകയായിരുന്നു. എങ്കിലും പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. കൊച്ചിയിലെ മയക്കുമരുന്ന് സംഘമാണ് വാഹനത്തിലുണ്ടായിരുന്നതെന്ന സൂചന ലഭിച്ചെന്ന് പോലീസ് അറിയിച്ചു.

ALSO READ- ബുധനാഴ്ച മുതൽ കേരളത്തിൽ വേനൽമഴ; മലപ്പുറത്തും വയനാട്ടിലും യെല്ലോ അലർട്ട്
പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തിൽ 305 ഗ്രാം രാസലഹരിയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ നടന്ന പരിശോധനയിൽ ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങളും മയക്കുമരുന്നും പിടിച്ചെടുത്തിരുന്നു.

Exit mobile version