തിരുവനന്തപുരം: കനത്ത ചൂട് തുടരുന്നതനിടെ വേനൽമഴ മുന്നറിയിപ്പ് ആശ്വാസമായി. പലജില്ലകളിലും ചൂട് നേരിയതോതിൽ കൂടിയതിനിടെയാണ് മഴ മുന്നറിയിപ്പ്. ബുധനാഴ്ചമുതൽ കേരളത്തിൽ വ്യാപകമായി വേനൽമഴയ്ക്കു സാധ്യതയുണ്ട്. അന്നുവരെ പലയിടത്തും ചൂട് കൂടിനിൽക്കുമെന്നാണ് മുന്നറിയിപ്പ്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴപെയ്യുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ മലപ്പുറത്തും വയനാടും വ്യാഴാഴ്ച മഞ്ഞമുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച ഇടുക്കിയിലും മഞ്ഞമുന്നറിയിപ്പുണ്ട്.
അതേസമയം, ആലപ്പുഴയിൽ വീണ്ടും ഉഷ്ണതരംഗസാഹചര്യമെത്തി. എന്നാൽ, പ്രഖ്യാപിച്ചിട്ടില്ല. ആലപ്പുഴയിൽ ചൂട് 37.4 ഡിഗ്രിയിൽനിന്ന് 37.7 ആയി. സാധാരണയിൽനിന്ന് 4.5 ഡിഗ്രി കൂടുകയും ചെയ്തു. ഇത് ഉഷ്ണതരംഗ സാഹചര്യമാണ്. എന്നാൽ, രണ്ടുദിവസം തുടർച്ചയായി ഇതേ നില തുടരുമ്പോഴാണ് ഉഷ്ണതരംഗം സ്ഥിരീകരിക്കുന്നത്.
ALSO READ- നായ കുറുകെ ചാടി; നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് 33കാരന് ദാരുണാന്ത്യം
പാലക്കാട്ടെ ചൂട് 39-ൽനിന്ന് 39.4 ഡിഗ്രിയായി. കോഴിക്കോട് കഴിഞ്ഞദിവസത്തെക്കാൾ 0.7 കൂടി 37.9 ഡിഗ്രിയായി. കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ചൂടിൽ നേരിയകുറവ് രേഖപ്പെടുത്തി.