മൂവാറ്റുപുഴ: മൂന്ന് പവന്റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകന്‍ അമ്മയെ കൊലപ്പെടുത്തി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ കൗസല്യ (67) യെയാണ് മകന്‍ കൊലപ്പെടുത്തിയത്. കേസില്‍ മകന്‍ ജോജോയെ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് കൗസല്യയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മക്കളായ സിജോ, ജോജോ എന്നിവരാണ് മരണവിവരം നാട്ടുകാരെയും മറ്റും അറിയിച്ചത്.
ആദ്യം ഹൃദയാഘാതമാണെന്നായിരുന്നു നാട്ടുകാരും ബന്ധുക്കളും ആദ്യം കരുതിയത്. എന്നാല്‍ ചില സംശയങ്ങള്‍ ഉയര്‍ന്നുവന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
മരണം സ്ഥിരീകരിക്കാന്‍ പഞ്ചായത്ത് അംഗം രഹ്‌ന സോബിന്‍ കല്ലൂര്‍ക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വിവരമറിയിച്ചു.
തുടര്‍ന്ന് സ്ഥലത്തെത്തി കൗസല്യയെ പരിശോധിച്ച ഡോക്ടറാണ് സ്വാഭാവിക മരണമല്ലെന്ന് പോലീസിനെ അറിയിച്ചത്. കഴുത്തിലെ പാടുകളും രക്തം കട്ട പിടിച്ച പാടും കണ്ടതോടെ മരണം കൊലപാതകമാണെന്ന സംശയം ഉയരുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ മക്കളായ സിജോയെയും ജോജോയെയും പോലീസ് കസ്റ്റഡിയില്‍ എടുത്ത്, വിശദമായ ചോദ്യം ചെയ്യുന്നതിനിടെയാണ് ജോജോ കുറ്റം സമ്മതിച്ചത്. വീടിന്റെ ശുചിമുറിയില്‍ നിന്ന് പ്രതി മാല കണ്ടെടുത്ത് പോലീസിന് നല്‍കി. അമ്മ ധരിച്ചിരുന്ന മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടിയായിരുന്നു കൊലപാതകം എന്ന് തന്നെയാണ് ജോജോ പോലീസിനു നല്‍കിയിരിക്കുന്ന മൊഴി. കൗസല്യയുടെ മൃതദേഹം ചൊവ്വാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.