കൊച്ചി: പനമ്പിള്ളിനഗറിലെ ഫ്‌ളാറ്റിൽ ജനിച്ചുവീണയുടനെ 23കാരിയായ അമ്മ താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു. ജനിച്ച് നിമിഷങ്ങൾക്കുള്ളിൽ മരണം സംഭവിച്ച ആൺകുഞ്ഞിനെ പുല്ലേപ്പടി ശ്മശാനത്തിലാണ് രാവിലെ സംസ്‌കരിച്ചത്.
മാതാപിതാക്കളോ ബന്ധുക്കളോ ഏറ്റെടുക്കാനെത്താത്തതിനാൽ മൃതദേഹം എറണാകുളം സൗത്ത് പോലീസും കൊച്ചി കോർപറേഷനുമാണ് ഏറ്റുവാങ്ങി അന്ത്യകർമ്മങ്ങൾ ചെയ്തത്. രാവിലെ കളമശ്ശേരി മെഡിക്കൽ കോളേജിൽനിന്നും പോലീസ് മൃതദേഹം ഏറ്റുവാങ്ങി കൊച്ചി കോർപറേഷൻ മേയർക്ക് കൈമാറുകയായിരുന്നു.
തുടർന്ന് ശ്മശാനത്തിൽ എത്തിക്കുകയും കുഞ്ഞിപെട്ടിയിൽ ആ പിഞ്ചു ജീവന് നിത്യനിദ്രയ്ക്ക് അവസരം ഒരുക്കുകയും ചെയ്തു. അടുത്തിടെ രണ്ടാനച്ഛനും അമ്മയും ചേർന്ന് കൊന്ന പിഞ്ചുകുഞ്ഞിനെ സംസ്‌കരിച്ചതിനോട് ചേർന്നായിരുന്നു ഈ കുഞ്ഞിനും അന്ത്യവിശ്രമം ഒരുക്കിയത്.
കൊച്ചി സിറ്റി പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും കോർപറേഷനിലെ ജീവനക്കാരും നേരിട്ടെത്തി. മേയർ അനിൽ കുമാർ അന്ത്യാഞ്ജലി അർപ്പിച്ചു. പലരും പൂക്കളുമായെത്തിയാണ് അന്ത്യയാത്ര ചൊല്ലിയത്.
23കാരിയായ പെൺകുട്ടി സോഷ്യൽമീഡിയയിൽ പരിചയപ്പെട്ട വ്യക്തിയിൽ നിന്നും ഗർഭം ധരിച്ചെന്ന് സ്വന്തം മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല. ഗർഭിണിയായത് തിരിച്ചറിയാൻ വൈകിയതോടെ അലസിപ്പിക്കാനുള്ള സാധ്യതകളും അവസാനിച്ചിരുന്നു. ഇതുമനസിലാക്കിയതോടെ പ്രസവാനന്തരം കുഞ്ഞിനെ ഒഴിവാക്കാൻ തയാറെടുപ്പുകൾ നടത്തുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ അഞ്ചുമണിയോടെ ഫ്‌ലാറ്റിലെ ശൗചാലയത്തിൽ പ്രസവം നടന്നു. തുടർന്ന് കുഞ്ഞിന്റെ കരച്ചിൽ മാതാപിതാക്കൾ കേൾക്കാതിരിക്കാൻ വായ അമർത്തിപ്പിടിക്കുകയും തുണി തിരുകുകയും ചെയ്തിട്ടുണ്ടെന്നാണ് കരുതുന്നത്. എട്ടുമണിയോടെ അമ്മ വാതിലിൽ മുട്ടിയപ്പോൾ കവറിൽ പൊതിഞ്ഞ് കുഞ്ഞിനെ ബാൽക്കണിയിലൂടെ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.