അടൂർ: അരളിച്ചെടിയിലെ വിഷാംശത്തെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെ വെട്ടിക്കളഞ്ഞ അരളിച്ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്ത സംഭവത്തിൽ ആശങ്ക. തെങ്ങമം മഞ്ജുഭവനം പങ്കജവല്ലിയമ്മയുടെ പശുവും കിടാവുമാണ് കഴിഞ്ഞ ശനിയാഴ്ച ചത്തുപോയത്. പശുവിന് ചക്ക കൊടുത്തുവെന്നും ദഹനക്കേടാണെന്നും പറഞ്ഞ് ഇവർ മൃഗാശുപത്രിയിലെത്തി മരുന്നു വാങ്ങിയിരുന്നു. ഇതുമായി വീട്ടിൽച്ചെന്നപ്പോഴേക്കും കിടാവ് ചത്തു. പിറ്റേന്ന് തള്ളപ്പശുവും ചത്തു വീഴുകയായിരുന്നു. മരണകാരണം എന്താണെന്ന് കൃത്യമായി കണ്ടു പിടിക്കാൻ കഴിഞ്ഞിരുന്നില്ല.
അതേസമയം, സാധാരണ ചക്ക തിന്നാലുണ്ടാകുന്ന ദഹനക്കേട് മരുന്ന് കൊടുത്താൽ മാറുന്നതാണ്. മരുന്നു കൊടുത്തിട്ടും മാറാതെ വന്നപ്പോൾ കുത്തിവയ്പും എടുത്തിരുന്നു. രണ്ടു ദിവസം മുൻപ് സബ്സെന്ററിൽ നിന്ന് കുത്തിവയ്പിന് ഇവരുടെ വീട്ടിലെത്തിയ ലൈവസ്റ്റോക്ക് ഇൻസ്പെക്ടറും സംഘം വീടിന് സമീപം അരളി കണ്ടിരുന്നു. കൂടാതെ മറ്റൊരു വീട്ടിൽ വെട്ടിക്കളഞ്ഞിരുന്ന അരളിച്ചെടിയുടെ ഇല ഇവർ പശുവിന് കൊടുത്തിരുന്നു.
പങ്കജവല്ലിക്ക് മറ്റു രണ്ടു പശുക്കൾ കൂടിയുണ്ട്. ഇവയ്ക്ക് ഇല കൊടുക്കാതിരുന്നതിനാൽ കുഴപ്പമില്ല. വലിയ തോതിൽ അരളിച്ചെടി പശുവിന്റെ ഉള്ളിൽ ചെന്നതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്. പശുക്കൾ ചാകാൻ കാരണം അരളി ഇലയിൽ നിന്നുള്ള വിഷബാധയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
ഹരിപ്പാട് സ്വദേശിയായ സൂര്യ സുരേന്ദ്രന്റെ മരണം വലിയ ചർച്ചയാകുന്നതിനിടെയാണ് ഈ സംഭവം. സൂര്യ സുരേന്ദ്രൻ അരളിച്ചെടിയുടെ പൂവും ഇലയും നുളളി വായിലിട്ടിരുന്നെന്ന് വാർത്ത വന്നിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാനായി ആന്തരികാവയവങ്ങൾ പരിശോധനക്ക് അയച്ച് ഫലത്തിനായി കാത്തിരിക്കുകയാണ്.
ALSO READ- സഹപാഠികൾ; വിവാഹശേഷം സോഷ്യൽമീഡിയ വഴി വളർന്ന ബന്ധത്തിൽ വിള്ളൽ; യുവതിയെ അന്നൂരിൽ കൊലചെയ്തു; സുഹൃത്ത് ജീവനൊടുക്കി; അന്വേഷണം
വിമാനത്താവളത്തിലേക്ക് ഇറങ്ങിയ പെൺകുട്ടി ഫോൺ ചെയ്യുന്നതിനിടെ വീടിന് സമീപത്തെ പൂച്ചെടിയുടെ പൂവും ഇലയും നുളളി വായിലിട്ട് കടിച്ചിരുന്നു. പെട്ടെന്ന് തുപ്പിക്കളയുകയും ചെയ്തിരുന്നു. വിമാനത്താവളത്തിൽ വെച്ച് പെൺകുട്ടി കുഴഞ്ഞുവീഴുകയും ചികിത്സയിലിരിക്കെ മരണപ്പെടുകയുമായിരുന്നു.