ചൊക്ലി: മയ്യഴി പുഴയിലേക്ക് എടുത്ത്ചാടി ജീവനൊടുക്കാൻ ശ്രമിച്ച രണ്ട് പെൺകുട്ടികളെ നാട്ടുകാർ സാഹസികമായി രക്ഷപ്പെടുത്തി. തലശ്ശേരി-മാഹി ബൈപ്പാസ് റോഡിൽ ഒളവിലം പാത്തിക്കലിൽ വെച്ചാണ് പെൺകുട്ടികൾ ചാടിയത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഒരു പെൺകുട്ടി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണെങ്കിലും അപകടനില തരണംചെയ്തു.
പെൺകുട്ടികൾ പുഴയിലേക്ക് ചാടുന്നത് കരയിൽനിന്ന് കണ്ട പാത്തിക്കൽ സ്വദേശികളായ എംഎ രാഗേഷ്, നടേമ്മൽ പ്രേമൻ എന്നിവർ ഉടൻ തോണി തുഴഞ്ഞെത്തി കുട്ടികളെ കരയ്ക്കെത്തിക്കുകയായിരുന്നു. തുടർന്ന് പാത്തിക്കലുണ്ടായിരുന്ന നഴ്സ് പ്രാഥമികശുശ്രൂഷ നൽകി ചൊക്ലി മെഡിക്കൽ സെന്ററിലും പിന്നീട് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയിലുമെത്തിച്ചു.
ഇരുവരേയും കാണാത്തതുമായി ബന്ധപ്പെട്ട് വീട്ടുകാരുടെ പരാതിയിൽ എലത്തൂർ, ചേവായൂർ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർചെയ്തിട്ടുണ്ട്. ചൊക്ലി-ചോമ്പാൽ പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീടുവിട്ട 19-ഉം 18-ഉം വയസ്സുള്ള പെൺകുട്ടികൾ ഞായറാഴ്ച രാവിലെ സ്‌കൂട്ടറിൽ മാഹിയിലേക്ക് വരികയായിരുന്നു. തുടർന്ന് ഉച്ചയോടെ മാഹി ബൈപാസ് റോഡിൽ സ്‌കൂട്ടർ ഉപേക്ഷിച്ച് പുഴയിലേക്ക് ചാടി ജീവനൊടുക്കാനും ശ്രമിക്കുകയായിരുന്നു.
ആത്മസുഹൃത്തുക്കളായിരുന്നുവെന്നും വേർപിരിയേണ്ടിവരുന്ന സാഹചര്യമുണ്ടാകുന്നത് ഭയന്നാണ് പുഴയിൽ ചാടിയതെന്നുമാണ് പെൺകുട്ടികളിലൊരാൾ പോലീസിന് മൊഴി നൽകിയിരിക്കുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 04712552056)