തിരുവനന്തപുരം: കേരളത്തില്‍ ഇന്നും കള്ളക്കടല്‍ മുന്നറിയിപ്പ്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് 3.30 വരെ 1.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകളടിക്കാന്‍ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളില്‍ അതീവ ജാഗ്രത വേണമെന്നും നിര്‍ദേശമുണ്ട്.
ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടലാക്രമണം രൂക്ഷമായിരുന്നു. മുന്നറിയിപ്പുകള്‍ ഒരുകാരണവശാലും അവഗണിക്കരുത്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം. യാതൊരുകാരണവശാലും തീരത്ത് കിടന്ന് ഉറങ്ങരുത്. മത്സബന്ധന ഉപകരണങ്ങള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നുമാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.