ചാരുംമൂട്: അപകടകരമായി കാറോടിച്ച് മറ്റുള്ളവരുടെ ജീവന് ഭീഷണി സൃഷ്ടിച്ച അഞ്ച് യുവാക്കളെ എംവിഡി ‘നല്ലനടപ്പിനു’ വിടാൻ തീരുമാനിച്ചു. ഏപ്രിൽ 28-നു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്തശേഷം കാറിൽ ആഘോഷപൂർവം മടങ്ങിയ യുവാക്കളാണ് അപകടകരമായി വാഹനം ഓടിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാരാകട്ടെ നാട്ടുകാരോട് തട്ടിക്കയറിയും പ്രശ്‌നമുണ്ടാക്കി.
ഒടുവിൽ അഞ്ചുപേരെ പിടികൂടിയ മോട്ടോർവാഹനവകുപ്പ് എല്ലാവരും തിങ്കളാഴ്ച മുതൽ നാലുദിവസം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അസ്ഥിരോഗവിഭാഗത്തിൽ സാമൂഹിക സേവനം നടത്തണമെന്നും, തുടർന്ന് മൂന്നുദിവസം കൊല്ലം പത്തനാപുരം ഗാന്ധിഭവനിലും സേവനം ചെയ്യണമെന്നും നിർദേശിക്കുകയായിരുന്നു.
അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിലാകുന്നവർ നേരിടുന്ന ബുദ്ധിമുട്ട് നേരിൽക്കണ്ട് മനസ്സിലാക്കുന്നതിനാണ് ഇവരെ മെഡിക്കൽ കോളേജിലേക്ക് അയക്കുന്നതെന്ന് മാവേലിക്കര ജോയിന്റ് ആർടിഒ എംജി മനോജ് പറഞ്ഞു.
കാറോടിച്ചിരുന്ന നൂറനാട് ആദിക്കാട്ടുകുങ്ങര സ്വദേശി അൽ ഗാലിബ് വിൻ നസീർ, കൊല്ലം ശാസ്താംകോട്ട പോരുവഴി സ്വദേശികളായ അഫ്ത്താർ അലി, സജാസ്, ശൂരനാട് സ്വദേശി ബിലാൽ നസീർ, ആദിക്കാട്ടുകുളങ്ങര സ്വദേശി മുഹമ്മദ് നജാദ് എന്നിവർക്കാണ് വ്യത്യസ്തമായ ശിക്ഷ എംവിഡി വിധിച്ചത്.
ആദിക്കാട്ടുകുളങ്ങര സ്വദേശി ആഷിക് ഷെഫീക്കിന്റെ ഉടമസ്ഥതയിലുള്ള കാറായിരുന്നു ഇത്. കഴിഞ്ഞദിവസം മോട്ടോർ വാഹനവകുപ്പ് കാർ കസ്റ്റഡിയിലെടുത്തിരുന്നു.
കാറോടിച്ച അൽ ഗാലിബ് വിൻ നസീറിന്റെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.കായംകുളത്ത് വിവാഹത്തിൽ പങ്കെടുത്തശേഷം കൊല്ലം ശൂരനാട്ടേക്ക് മടങ്ങവെ ഓടുന്ന കാറിന്റെ നാലു വാതിലുകളും തുറന്നശേഷം എഴുന്നേറ്റുനിന്ന് അഭ്യാസപ്രകടനം നടത്തിയാണ് യുവാക്കൾ യാത്ര ചെയ്തത്.