കട്ടപ്പന: ഇടുക്കി ഇരട്ടയാറിൽ യുവാക്കൾക്കെതിരെ കള്ളക്കേസെടുത്തെന്ന പരാതിയിൽ എസ്ഐയ്ക്കും സിപിഒയ്ക്കും സ്ഥലംമാറ്റം. കട്ടപ്പന പ്രിൻസിപ്പൽ എസ്ഐ സുനേഖ് ജെയിംസിനും സിപിഒ മനു പി ജോസിനുമെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 25-ന് ഇരട്ടയാറിൽ വാഹന പരിശോധനയ്ക്കിടെ കട്ടപ്പന സ്റ്റേഷനിലെ സിപിഒ മനു പി ജോസിന് പരിക്കേറ്റിരുന്നു.
തുടർന്ന് പ്രായപൂർത്തിയാകാത്ത രണ്ടു യുവാക്കളും പുളിയൻമല മടുക്കോലിപ്പറമ്പിൽ ആസിഫ് (18) എന്ന യുവാവും ചേർന്ന് വാഹനമിടിപ്പിച്ച് സിപിഒയെ പരിക്കേൽപ്പിച്ചെന്ന് കാണിച്ച് പോലീസ് മൂവർക്കുമെതിരെ കേസെടുത്തു. പിന്നീട് സംഭവവുമായി ബന്ധപ്പെട്ട് പിടികൂടിയ പ്രായപൂർത്തിയാകാത്ത യുവാക്കളെ പോലീസ് വിട്ടയക്കുകയും ആസിഫിനെ റിമാൻഡ് ചെയ്യുകയുമായിരുന്നു.
എന്നാൽ സിപിഒയ്ക്ക് ബൈക്കിടിച്ച സമയത്ത് ആസിഫ് സ്ഥലത്ത് ഇല്ലായിരുന്നുവെന്നും സംഭവത്തിന് ശേഷം സുഹൃത്തുക്കളെ അന്വേഷിച്ച് എത്തിയപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നും യുവാവിന്റെ വീട്ടുകാർ പരാതിപ്പെട്ടിരുന്നു. കൂടാതെ യുവാവിന് യുവാവിന് പോലീസ് സ്റ്റേഷനിൽവെച്ച് മർദനമേറ്റതായും കുടുംബം പരാതി നൽകി.
ഇത് കള്ളക്കേസാണെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവിന്റെ വീട്ടുകാർ മനുഷ്യാവകാശ കമ്മിഷനും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്.
ALSO READ- അരളിപ്പൂവിന് പൂജാകാര്യങ്ങളിൽ വിലക്കില്ല; വിഷാംശമുണ്ടെന്ന ശാസ്ത്രീയ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്
സുനേഖിനെ പോലീസ് ജില്ലാ ആസ്ഥാനത്തേയ്ക്കും മനുവിനെ എആർ ക്യാമ്പിലേയ്ക്കുമാണ് സ്ഥലംമാറ്റിയത്. കൂടാതെ, പോലീസ് ഉദ്യോഗസ്ഥനെ ബൈക്കിടിപ്പിച്ച സംഭവത്തിന്റെ അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിനും നൽകിയിട്ടുണ്ട്. മർദനമേറ്റെന്ന പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കട്ടപ്പന ഡിവൈഎസ്പി അറിയിച്ചു.
Discussion about this post