ന്യൂഡല്‍ഹി: കെഎം ഷാജിക്ക് സുപ്രീം കോടതിയിലും തിരിച്ചടി. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വര്‍ഗ്ഗീയത ഉണര്‍ത്തുന്ന ലഘുലേഖകള്‍ ഉപയോഗിച്ച സംഭവത്തില്‍ ഹൈക്കോടതി ഷാജിയെ അയോഗ്യനായി പ്രഖ്യാപിച്ചിരുന്നു. അഴീക്കോട് മണ്ഡലത്തിലെ സിപിഎം പ്രവര്‍ത്തകനായ ബാലന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി വിധി. തുടര്‍ന്ന് എംഎല്‍എ സ്ഥാനത്തു നിന്ന് കൊണ്ടുള്ള ആനുകൂല്യങ്ങള്‍ അദ്ദേഹത്തിന് വിലക്കി.
തുടര്‍ന്ന് ഹൈക്കോടതിയുടെ ഉത്തരവിനെതിരായ ഹര്‍ജി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ ഉത്തരവിലാണ് ഇപ്പോള്‍ വിധി വന്നത്. എന്നാല്‍ വീണ്ടും ഷാജിയ്ക്ക് നിരാശയായിരുന്നു ഫലം. ഹൈക്കാടതി വിധിയെ സുപ്രീംകോടതി ശരിവച്ചു.
നിലവില്‍ കെഎം ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം. എന്നാല്‍ ശമ്പളവും ആനുകൂല്യങ്ങളും ഇല്ല. വോട്ട് ചെയ്യാന്‍ കഴിയില്ലെന്നും ഉത്തരവില്‍ പറയുന്നു.
നേരത്തെ എതിര്‍ സ്ഥാനാര്‍ത്ഥി എംവി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി കൊണ്ടുള്ള ഹൈക്കോടതിയുടെ ആദ്യ ഉത്തരവിനെതിരായ ഹര്‍ജി പരിഗണിച്ച സുപ്രിംകോടതി നേരത്തെ ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നു.