തിരുവനന്തപുരം: ആലപ്പുഴയിൽ 24കാരിയുടെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് ചർച്ചയോട് പ്രതികരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. അരളിപ്പൂവിൽ വിഷാംസമുണ്ടെന്ന റിപ്പോർട്ട് ഇതുവരെ കിട്ടിയിട്ടില്ലെന്നും അതിനാൽ പൂജാകാര്യങ്ങളിൽ അരളിപ്പൂവിന് തൽക്കാലം വിലക്കില്ലെന്നും ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു.
അരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന ശാസ്ത്രീയമായ ഒരു റിപ്പോർട്ടും കിട്ടിയിട്ടില്ല. പൂവിനെതിരായ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പക്ഷെ റിപ്പോർട്ടുകൾ കിട്ടിയാലേ നടപടി എടുക്കാനാകൂവെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രതികരിച്ചു.
ഹരിപ്പാട് സ്വദേശിനിയായ സൂര്യ സുരേന്ദ്രൻ എന്ന പെൺകുട്ടി യുകെയിലേക്ക് ജോലിക്കായി പോകാനിരിക്കെയാണ് വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചത്. പെൺകുട്ടി അന്നേദിവസം രാവിലെ അരളിച്ചെടിയിൽ നിന്നും പൂവും ഇലയും നുള്ളി വായിലിട്ട് ചവച്ചു തുപ്പിയിരുന്നു. തുടർന്ന് അതിന്റെ നീര് അകത്ത് ചെന്നതാകാം മരണകാരണമെന്ന ചർച്ചകളും ഉയർന്നിരുന്നു.
സൂര്യ സുരേന്ദ്രൻ കുഴഞ്ഞുവീണ് മരിച്ചതിന് കാരണം അരളിപ്പൂവാണെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, ആന്തരിക അവയവങ്ങളുടെ ഫോറൻസിക് പരിശോധനാ ഫലം കൂടി പുറത്ത് വന്നാലെ മരണകാരണം അന്തിമമായി വ്യക്തമാക്കാനാകുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Discussion about this post