തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ ഹർജി സമർപ്പിച്ച് ഡ്രൈവർ എച്ച്എൽ യദു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അദ്ദേഹം ഹർജി സമർപ്പിച്ചത്. മേയർ പരാതിയിൽ പറയുന്ന കാര്യങ്ങളൊന്നും കണ്ടില്ലെന്ന കണ്ടക്ടർ സുബിന്റെ മൊഴിയും യദു വിമർശിച്ചു.
കണ്ടക്ടർ ഡിവൈഎഫ്‌ഐ പ്രവർത്തകനാണെന്നും സംഭവദിവസം മുന്നിലെ സീറ്റിലായിരുന്നു ഇരുന്നതെന്നും യദു പറഞ്ഞു. എംഎൽഎയെ സഖാവേ എന്ന് വിളിച്ച് എഴുന്നേറ്റ് സീറ്റ് നൽകിയത് തന്റെ മുന്നിൽ വെച്ചാണ്. മൊഴി നൽകിയിരിക്കുന്നത് പിൻസീറ്റിലാണ് ഇരുന്നതെന്നാണ്. മെമ്മറി കാർഡ് കാണാതായതിലും കണ്ടക്ടറെ സംശയമുണ്ട്. തന്റെ സഹപ്രവർത്തകനെ താനൊരിക്കലും കുറ്റം പറയില്ല. പാർട്ടിയിൽ നിന്നുള്ള സമ്മർദമാകാം കാരണമെന്നും ഇക്കാര്യം നിയമം തെളിയിക്കേണ്ടതാണെന്നും യദു ആരോപിച്ചു.
നേരത്തെ, യദു ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചോയെന്ന് തനിക്കറിയില്ലെന്നാണ് കണ്ടക്ടർ കന്റോൺമെന്റ് പോലീസിന് മൊഴി നൽകിയത്. ബസ് കാറിനെ ഓവർടേക്ക് ചെയ്യുന്നതും കണ്ടിട്ടില്ല. പിൻസീറ്റിലാണ് താൻ ഇരുന്നതെന്നും അതിനാൽ പരാതിയിൽ പറയുന്ന കാര്യങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല എന്നുമാണ് കണ്ടക്ടറുടെ മൊഴി.
അതേസമയം, നടി റോഷ്‌ന ആൻ റോയ് തനിക്ക് എതിരെ നടത്തിയ പരാമർശത്തിനോടും യദു പ്രതികരിച്ചു. മേയ് മൂന്നാം തീയതി വരെ അവർ എവിടെയായിരുന്നുവെന്നാണ്യദു ചോദ്യം ചെയ്തത്. അതുവരെ വഴിക്കടവ് ഷെഡ്യൂളിലാണ് ഓടിയിട്ടുള്ളത്. കോഴിക്കോട് മിന്നലിലും ഓടിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു മാസത്തോളം തൃശ്ശൂർ റൂട്ടിലായിരുന്നു സർവീസെന്നും യദു വിശദമാക്കി.