തിരുവനന്തപുരം: കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്. കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്നാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ രാത്രി 11.30 വരെ കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്നാണ് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇന്ന് രാവിലെ 05.30 മുതല്‍ 05-05-2024 രാത്രി 11.30 വരെ അതി തീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കടലേറ്റത്തിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. തീരത്ത് കിടന്ന് ഉറങ്ങരുതെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
മത്സ്യബന്ധന ഉപകരണങ്ങള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും മുന്നറിയിപ്പുണ്ട്. കേരളത്തിന് പുറമേ, തെക്കന്‍ തമിഴ്നാട് തീരത്തും മുന്നറിയിപ്പ് നിലനില്‍ക്കുകയാണ്.