കോഴിക്കോട്: നാല്പ്പത്തിമൂന്നുകാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ. മലപ്പുറം മൂന്നിയൂര്‍ സ്വദേശിയുടെ വയറ്റില്‍ നിന്നാണ് മുഴ നീക്കം ചെയ്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ശസ്ത്രക്രിയ നടന്നത്.
മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഗര്‍ഭാശയ മുഴ നീക്കം ചെയ്തത്. ശസ്ത്രക്രിയ വിജയമായതോടെ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
3 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് 36 സെന്റീമീറ്റര്‍ നീളവും 33 സെന്റീമീറ്റര്‍ വീതിയുമുള്ള ഗര്‍ഭാശയമുഴ നീക്കം ചെയ്തത്. ശസ്ത്രക്രിയക്ക് ശേഷം തീവ്രപരിചരണത്തില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണ്.
അസഹനീയമായ വയറുവേദനയെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സയ്ക്കായെത്തിയത്. അള്‍ട്രാസൗണ്ട്, എംആര്‍ഐ സ്കാനിംഗ് തുടങ്ങിയ പരിശോധനകളില്‍ ഗര്‍ഭാശയ മുഴയാണെന്ന് സ്ഥിരീകരിച്ചു.
രക്തയോട്ടം കൂടുതലുള്ള മുഴയായതിനാല്‍ അതീവ സങ്കീര്‍ണമായിരുന്നു ശസ്ത്രക്രിയ. രക്തസ്രാവം ഉണ്ടാകാതിരിക്കാന്‍ ഗര്‍ഭാശയത്തിലേക്കുള്ള രക്തക്കുഴലുകള്‍ ശസ്ത്രക്രിയയുടെ തുടക്കത്തില്‍ തന്നെ തുന്നിച്ചേര്‍ത്തിരുന്നു. ശസ്ത്രക്രിയ പൂര്‍ണ വിജയമായിരുന്നു.
Discussion about this post