ഹരിപ്പാട്: ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളും തോളിലേറ്റി സൂര്യ സുരേന്ദ്രൻ എന്ന 24കാരി യുകെയിലേക്ക് നഴ്‌സായി പോകാനിരിക്കെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണുമരിച്ചത് വലിയ നോവാണുണ്ടാക്കിയത്. പഠനത്തിൽ മിടുക്കിയായിരുന്ന സൂര്യ ബാങ്ക് ലോണെടുത്തും ഏറെ കഷ്ടപ്പെട്ടുമാണ് ബിഎസ് സി നഴ്‌സിങ് പൂർത്തിയാക്കിയത്. യുകെയിൽ ജോലി ലഭിച്ചതോടെ ജീവിതത്തിൽ പുതിയ പ്രതീക്ഷകൾ കൈവന്നതായിരുന്നു. ഹൃദ്രോഗിയായ അച്ഛനും ചായക്കട നടത്തി ഇപജീവനം കണ്ടെത്തുന്ന അമ്മയ്ക്കും കൈത്താങ്ങായിരുന്നു ഈ പെൺകുട്ടി.
എന്നാൽ ഒരു നിമിഷത്തെ അശ്രദ്ധ പെൺകുട്ടിയുടെ ജീവിനെടുക്കുകയായിരുന്നു എന്നാണ് പുറത്തെത്തുന്ന റിപ്പോർട്ടുകൾ. അലസമായി വായിലിട്ട് ചവച്ചുതുപ്പി കളഞ്ഞ അരളിച്ചെടിയാണ് സൂര്യയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്നാണ് പെൺകുട്ടിയുടെ തന്നെ മൊഴിയിൽ നിന്നും വ്യക്തമാകുന്നത്.
പള്ളിപ്പാട് നീണ്ടൂർ കൊണ്ടൂരേത്ത് സുരേന്ദ്രൻ- അനിത ദമ്പതികളുടെ മകൾ സൂര്യ സുരേന്ദ്രൻ (24) വിമാനത്താവളത്തിൽ കുഴഞ്ഞു വീണതിനെ തുടർന്നു ചികിത്സയിലിരിക്കെയാണു കഴിഞ്ഞ ദിവസം മരിച്ചത്. ആന്തരികാവയവ പരിശോധനാ ഫലം പുറത്തെത്തിയാലാണ് മരണകാരണത്തിൽ വ്യക്തത വരൂ എങ്കിലും സൂര്യ തന്നെ നൽകിയ വിവരം വെച്ചു നോക്കുമ്പോൾ മരണകാരണമായത് പൂച്ചെടിയായി ഓമനിച്ചു വളർത്തിയ അരളിയാണെന്നാണ്.
ഹരിപ്പാട് ഗവ. എച്ച്എസ്എസിൽ നിന്നു എസ്എസ്എൽസിക്കും പ്ലസ്ടുവിനും ഫുൾ എ പ്ലസ് നേടി പഠനത്തിൽ മിടുക്കിയായാണ് ഓരോ ക്ലാസും സൂര്യ ജയിച്ചുകയറിയത്. ബിഎസ്സി നഴ്‌സിങ്ങിനും ഉന്നത വിജയം നേടിയിരുന്നു. നിർമാണത്തൊഴിലാളിയായ പിതാവ് സുരേന്ദ്രൻ ഹൃദ്രോഗിയാണ്. പള്ളിപ്പാട് പൊയ്യേക്കര ജംക്ഷനിൽ ചായക്കട നടത്തുകയാണ് അമ്മ അനിത.
ബാങ്ക് വായ്പയുടെ സഹായത്തോടെയാണ് സൂര്യയുടെ പഠനം പൂർത്തിയാക്കാനായത്. യുകെയിൽ ജോലി കിട്ടിയതോടെ വീട്ടുകാർക്കും വലിയ ആശ്വാസമായിരുന്നു. എന്നാൽ, അപ്രതീക്ഷിത ദുരന്തം ഈ കുടുംബത്തെ ഒന്നാകെ തകർത്തിരിക്കുകയാണ്.
ഞായറാഴ്ച രാവിലെയാണു നെടുമ്പാശേരി വിമാനത്താവളത്തിലേക്കു പുറപ്പെട്ടത്. പോകുന്നതിനു മുൻപായി സുഹൃത്തുക്കളേയും ബന്ധുക്കളേയും എല്ലാം ഫോണിൽ വിളിച്ച് സൂര്യ യാത്ര പറഞ്ഞിരുന്നു. മൊബൈൽ ഫോണിൽ സംസാരിച്ചു മുറ്റത്തു നടക്കുന്നതിനിടെ ഏതോ ഒരു പൂച്ചെടിയുടെ ഇലയും പൂവും നുള്ളിയെടുത്തു വായിലിട്ട് ചവച്ചിരുന്നു. ഉടനെ തുപ്പിക്കളയുകയും ചെയ്തു.
പിന്നീട് യാത്രയ്ക്കിടെ രണ്ട് തവണ ഛർദിച്ചു. അസ്വസ്ഥത കൂടിയതോടെ സ്വകാര്യ ക്ലിനിക്കിൽ പരിശോധിച്ചു. ദഹനപ്രശ്‌നമോ മറ്റോ ആയിരിക്കുമെന്നു കരുതി വിമാനത്താവളത്തിലേക്ക് യാത്ര തുടർന്നു. വിമാനത്താവളത്തിൽ ചെക് ഇൻ ചെയ്യാൻ നിൽക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീടു പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഡോക്ടർമാർ വിശദമായി അന്വേഷിച്ചപ്പോൾ ഏതോ ഒരു പൂവും ഇലയും വായിലിട്ടതായി സൂര്യ പറഞ്ഞിരുന്നു. അത് അരളിച്ചെടിയായിരുന്നു. ഹൃദ്രോഗബാധ മൂലമാണു സൂര്യയുടെ മരണമെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അരളിച്ചെടിയുടെ വിഷം ഹൃദയാഘാതത്തിലേക്കു നയിക്കാമെന്നാണ് പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ പറഞ്ഞതായികേസ് അന്വേഷിക്കുന്ന ഹരിപ്പാട് എസ്എച്ച്ഒ കെ അഭിലാഷ് കുമാർ പറഞ്ഞു.
പെൺകുട്ടിയുടെ ആമാശയത്തിൽ നിന്നും ഈ ചെടിയുടെ പൂവിന്റെയോ, ഇലയുടെയോ അംശം ആമാശയത്തിൽ കണ്ടെത്താനായില്ല. ചവച്ചു തുപ്പുന്നതിനിടെ നീര് അകത്തു പോയിരിക്കാം എന്നാണു കരുതുന്നത്. ആന്തരികാവയവ പരിശോധനയിലേ ഇക്കാര്യം ഉറപ്പിക്കാനാകൂ. അതേസമയം, അരളിച്ചെടിക്കു വിഷമുണ്ടെന്ന് അറിയില്ലായിരുന്നു, ഈ ഭാഗത്തെല്ലാമുള്ള ചെടികൾ നശിപ്പിക്കും സൂര്യയുടെ ബന്ധുക്കൾ പറഞ്ഞു.
”അരളിയുടെ ഇല, പൂവ്, കായ തുടങ്ങി എല്ലാ ഭാഗങ്ങളിലും വിഷാംശമുണ്ട്. ഇവയിൽ അടങ്ങിയ ഡിജിറ്റാലിസ് ഗ്ലൈക്കോസൈഡ് എന്ന രാസപദാർഥമാണ് വിഷാംശത്തിനു കാരണം. ഇതു ശരീരത്തിലെ കരൾ, ശ്വാസകോശം, ഹൃദയം എന്നിവയെ നേരിട്ടു ബാധിക്കും. രക്തം കട്ടപിടിക്കുന്ന സംവിധാനം തകരാറിലാക്കും. കരളിൽ രക്തസ്രാവം, ശ്വാസതടസ്സം, ശ്വാസകോശത്തിൽ രക്തസ്രാവം, ഹൃദയസ്പന്ദനത്തിൽ വ്യതിയാനം, ഹൃദയസ്തംഭനം, ഹൃദയപേശികളിൽ രക്തസ്രാവം എന്നിവയ്ക്കു കാരണമാകാം. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലേറ്റ്ലറ്റുകളുടെ എണ്ണം കുറയുകയും ആന്തരികാവയവങ്ങളിൽ രക്തസ്രാവമുണ്ടാകുകയും ചെയ്യും. മരണത്തിനു വരെ കാരണമാകും.” ഡോ. ബി.പത്മകുമാർ പ്രഫസർ, ഗവ.മെഡിക്കൽ കോളജ് ആലപ്പുഴ