തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കായിക മത്സരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ 10 മണി മുതല്‍ വൈകീട്ട് നാല് മണി വരെ ഔട്ട്‌ഡോര്‍ കായിക മത്സരങ്ങള്‍ നടത്തരുതെന്ന് കായിക വകുപ്പിന്റെ നിര്‍ദേശം. കായിക മന്ത്രി വി. അബ്ദുറഹിമാന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇതെന്ന് വകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കായികപരിശീലനം, വിവിധ സെലക്ഷന്‍ ട്രയല്‍സ് എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്. കടുത്ത ചൂടു തുടരുന്നതു വരെ നിയന്ത്രണം നിലനില്‍ക്കും. ചൂട് കാരണം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാന്‍ കായിക താരങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുകയാണ്. കൂടുതല്‍ ജില്ലകളില്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചതോടെ, സംസ്ഥാനത്ത് ജാഗ്രത തുടരുകയാണ്. പാലക്കാടിനും തൃശ്ശൂരിനുംപുറമേ, ആലപ്പുഴയിലും കോഴിക്കോടുമാണ് ഉഷ്ണതരംഗ മുന്നറിയിപ്പുള്ളത്.
പാലക്കാട് ഓറഞ്ച് അലര്‍ട്ടും തൃശ്ശൂര്‍, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും താപനില മുന്നറിയിപ്പ് ഉണ്ട്.സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.