കാസര്‍കോട്: അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ പത്മജ വേണുഗോപാലിനെ വെല്ലുവിളിച്ച് രാജ്മേഹന്‍ ഉണ്ണിത്താന്‍. പത്മജ വേണുഗോപാല്‍ പരസ്യ സംവാദത്തിന് തയ്യാറാകണമെന്ന് രാജ്മേഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
രാജ്മോഹന്‍ ഉണ്ണിത്താന്‍ ബിജെപിയില്‍ പോകുമെന്ന വിമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു. 1973 മുതലുള്ള ചരിത്രം താന്‍ വിളിച്ചു പറയും. ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ പത്മജ പുറത്തിറങ്ങി നടക്കില്ലെന്നും സ്ഥലവും സമയവും തീരുമാനിക്കാമെന്നും പരസ്യ സംവാദത്തിന് തയ്യാറാകണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
കെ കരുണാകരന്‍ അല്ല തന്റെ അച്ഛനെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. പലയിടത്തും കള്ളവോട്ടും ബൂത്ത് പിടിത്തവും നടന്നുവെന്നും എത്ര കള്ള വോട്ട് നടന്നാലും ഒരു ലക്ഷം വോട്ടിന് താന്‍ വിജയിക്കുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് വരും. എസ്പി രാഷ്ട്രീയം കളിച്ചുവെന്നും ഉടന്‍ എസ്പിയെ മാറ്റാന്‍ തയ്യാറാകണമെന്നും ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.