തൃശൂർ: കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുന്നു. സ്ഥാനാർത്ഥികളുൾപ്പടെ പ്രമുഖനേതാക്കളും സെലിബ്രിറ്റികളും രാവിലെ തന്നെയെത്തി വോട്ട് രേഖപ്പെടുത്തി.
ഇതിനിടെ നടനും സിനിമാപ്രവർത്തകനുമായ രഞ്ജി പണിക്കർ പറഞ്ഞ വാക്കുകൾ ചർച്ചയാവുകയാണ്. തനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അത് പക്ഷേ സുരേഷ്ഗോപിയുടെ രാഷ്ട്രീയമല്ലെന്നും രഞ്ജി പണിക്കർ പ്രതികരിച്ചു. സുരേഷ് ഗോപിയെ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പോസ്റ്റ് എമർജൻസി കാലഘട്ടത്തിലെ ഏറ്റവും അസുന്ദരമായ അവസ്ഥയിലാണ് രാജ്യമെന്നും രഞ്ജി പണിക്കർ പരാമർശിച്ചു.
അതേസമയം, ബിജെപി തൃശൂരിലേക്ക് മറ്റ് മണ്ഡലങ്ങളിൽ നിന്നും വോട്ട് ഇറക്കുമതി ചെയ്‌തെന്ന ആരോപണവുമായി എൽഡിഎഫ്. ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി തൃശൂരെത്തിച്ചെന്നാണ് എൽഡിഎഫ് ആരോപിച്ചത്. നഗരത്തിലെ ഫ്‌ലാറ്റുകൾ കേന്ദ്രീകരിച്ച് ബിജെപി വ്യാപകമായി വോട്ട് ചേർത്തിട്ടുണ്ടെന്നും തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം ഒൻപതിനായിരത്തിലേറെ പേർ ഇങ്ങനെ അനധികൃതമായി എത്തിയിട്ടുണ്ടെന്നും സിപിഐ നേതാവും വിഎസ് സുനിൽകുമാറിന്റെ ചീഫ് ഇലക്ഷൻ ഏജന്റുമായ കെപി രാജേന്ദ്രൻ ആരോപിച്ചു.