കൊച്ചി: ഓരോ വോട്ടും അമൂല്യമാണ് അത് പഴാക്കരുതെന്ന സന്ദേശം പ്രചരിപ്പിക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വീപ് യൂത്ത് ഐക്കണായ നടി മമിത ബൈജുവിന് കന്നി വോട്ട് തന്നെ നഷ്ടം. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതാണ് ലോക്‌സഭയിലേക്ക് മമിതയ്ക്ക് വോട്ട് ചെയ്യാന്‍ പറ്റാത്തതിന് കാരണം.
തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്നലെ പ്രവര്‍ത്തകര്‍ നടിയുടെ കിടങ്ങൂരിലെ വസതിയില്‍ വോട്ടിങ് സ്ലിപ് എത്തിച്ചു നല്‍കിയപ്പോഴാണ് ആണ് മകളുടെ പേര് ലിസ്റ്റില്‍ ഇല്ല എന്ന വിവരം പിതാവ് ഡോ.ബൈജു അറിഞ്ഞത്. സിനിമ ജീവിതത്തിലെ തിരക്കുകള്‍ വര്‍ധിച്ചതിനാലാണ് വോട്ട് ഉറപ്പാക്കാന്‍ കഴിയാതെ പോയതെന്ന് ഡോ.ബൈജു പറഞ്ഞു.
വോട്ടര്‍മാരെ ബോധവല്‍ക്കരിക്കാനും വോട്ടര്‍ സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ പദ്ധതിയാണ് സ്വീപ് എന്നറിയപ്പെടുന്ന സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം. പദ്ധതിയുടെ ഭാഗമായി കോട്ടയം മണ്ഡലത്തിലെ ഐക്കണുകളായി ജസ്റ്റിസ് കെ.ടി തോമസ്, പായ് വഞ്ചിയില്‍ ലോകം ചുറ്റിയ കമാന്‍ഡര്‍ അഭിലാഷ് ടോമി, മിസ് ട്രാന്‍സ് ഗ്ലോബല്‍ വിജയിയും മോഡലുമായ ശ്രുതി സിത്താര, ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി എന്നിവരെ നിശ്ചയിച്ചത്.
കന്നിവോട്ടര്‍മാരെ ആകര്‍ഷിക്കാനാണ് മമിത ബൈജുവിനെ സ്വീപ് യൂത്ത് ഐക്കണായി തിരഞ്ഞെടുത്തത്. ജില്ലകള്‍ തോറും പൗരപ്രമുഖരെ ഐക്കണുകളായി നിശ്ചയിക്കാറുണ്ട്. നടന്‍ ടൊവിനോ തോമസാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംബാസഡര്‍.