തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്ക് കേരളം വിധിയെഴുതുന്നു. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും വോട്ടിംഗ് ആവേശത്തോടെ പുരോഗമിയ്ക്കുകയാണ്. പ്രമുഖ നേതാക്കളും സ്ഥാനാര്‍ഥികളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
വോട്ടിങ് യന്ത്രം തകരാറിലായി പലയിടത്തും വോട്ടിങ് തടസ്സപ്പെട്ടു. തിരുവനന്തപുരം മണ്ഡലത്തിലെ നെയ്യാറ്റിന്‍കരയില്‍ അഞ്ചിടത്ത് തകരാറുണ്ടായി. കണ്ണൂരില്‍ നാലിടത്ത് വോട്ടിങ് യന്ത്രം തകരാറില്‍ . പത്തനംതിട്ടയില്‍ നാലുബൂത്തുകളിലും വടകര മണ്ഡലത്തില്‍ വാണിമേലില്‍ രണ്ടുബൂത്തുകളിലും യന്ത്രം തകരാറിലായി . ഫറോക്ക് വെസ്റ്റ് നല്ലൂരില്‍ വോട്ടിങ് തടസ്സപ്പെട്ടു. വടകര മാക്കൂല്‍പീടിക 110ാം നമ്പര്‍ ബൂത്തിലും പാലക്കാട് പിരിയാരി 123ാം നമ്പര്‍ ബൂത്തിലും പോളിങ് തുടങ്ങാനായില്ല
കള്ളവോട്ട് തടയാന്‍ വെബ് കാസ്റ്റിങ് ഉള്‍പ്പടെയുള്ള സംവിധാനങ്ങളെല്ലാം പൂര്‍ത്തിയായെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. മൂന്ന് മുന്നണികള്‍ക്കും അഭിമാന പോരാട്ടം നടക്കുന്ന സംസ്ഥാനത്ത് പല മണ്ഡലങ്ങളും പ്രവചനാതീതമാണ്. കഴിഞ്ഞ തവണ നടത്തിയ വന്‍ മുന്നേറ്റത്തിന്റെ തനിയാവര്‍ത്തനമാണ് യുഡിഎഫിന്റെ ലക്ഷ്യം. ഒരു സീറ്റെന്ന നാണക്കേടില്‍ നിന്നുളള കരകയറ്റവും മുന്നേറ്റവുമാണ് ഇടത് സ്വപ്നം. അക്കൗണ്ട് തുറന്ന് കേരളം ബാലികേറാ മലയല്ലെന്ന് തെളിക്കേണ്ട ദൗത്യമാണ് ബിജെപിക്ക്.
2,77,49,159 വോട്ടര്‍മാരാണ് ഇക്കുറിയുള്ളത്. കൂടുതലും സ്ത്രീകള്‍ തന്നെയാണ്. 5,34,394 പേര്‍ ജനാധിപത്യ പ്രക്രിയയില്‍ ആദ്യമായി പങ്കാളിയാകുന്ന കന്നിവോട്ടര്‍മാരാണ്. കഴിഞ്ഞ തവണ 77.84 ശതമാനമെന്ന മികച്ച പോളിങാണ് രേഖപ്പെടുത്തിയത്. ഇത്തവണയും വോട്ടര്‍മാര്‍ കൂട്ടത്തോടെ വോട്ടിനെത്തുമെന്നാണ് രാഷ്ട്രീയ കേരളം പ്രതീക്ഷിക്കുന്നത്