പാലാ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കേ ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരെ സന്ദര്‍ശിച്ച് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. മത്സരിക്കുന്ന മണ്ഡലത്തിലെ നിശബ്ദ പ്രചാരണം പോലും ഉപേക്ഷിച്ചാണ് സുരേഷ് ഗോപി സഭ മേലധ്യക്ഷന്‍മാരെ കാണാന്‍ കോട്ടയത്തേക്ക് എത്തിയത്.
ഇന്നലെ രാത്രി അരുവിത്തുറ പള്ളിയിലാണ് ആദ്യം സുരേഷ് ഗോപി എത്തിയത്. തുടര്‍ന്ന് രാവിലെ പാലാ കുരിശ്പള്ളിയില്‍ എത്തി മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ച ശേഷമായിരുന്നു പാലാ രൂപതാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായിട്ടുള്ള കൂടിക്കാഴ്ച്ച. സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്നും രാഷ്ട്രീയമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇതെല്ലാം ഗുരുത്വത്തിന്റെ ഭാഗമാണ് എന്നാണ് സന്ദര്‍ശനത്തെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞത്. ബിഷപ്പുമായി എന്തൊക്കെ സംസാരിച്ചു എന്നത് പറയാന്‍ കഴിയില്ല. പ്രാതല്‍ കഴിക്കാന്‍ ബിഷപ്പ് ക്ഷണിച്ചിരുന്നു, വന്നു പ്രാതല്‍ കഴിച്ചു എന്നും സുരേഷ് ഗോപി പറഞ്ഞു. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കലിനെയും സുരേഷ് ഗോപി സന്ദര്‍ശിച്ചു. അരമണിക്കൂര്‍ നേരം സന്ദര്‍ശനം നീണ്ടുനിന്നു.
സുരേഷ് ഗോപി എന്‍എസ്എസ് ആസ്ഥാനത്തും എത്തി. സുകുമാരന്‍ നായരുമായി അരമണിക്കൂര്‍ നേരം കൂടിക്കാഴ്ച നടത്തി. സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. മറ്റ് സഭ നേതൃത്വങ്ങളുമായും സുരേഷ് ഗോപി കൂടി കാഴ്ച നടത്തുന്നുണ്ട്. അതേസമയം രാഷ്ട്രീയമില്ലെന്ന് സുരേഷ് ഗോപി പറയുമ്പോഴും സഭ വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള ബി ജെ പി നീക്കത്തിന്റെ ഭാഗമാണെന്ന ആരോപണവും നിറയുന്നുണ്ട്.
Discussion about this post