കട്ടപ്പന: അർഹിച്ച ജോലി പോസ്റ്റ്ഓഫീസ് ജീവനക്കാരുടെ അനാസ്ഥ കൊണ്ട് കൈയ്യെത്തും ദൂരത്ത് വെച്ച് നഷ്ടമായതിന്റെ നോവിലാണ് കട്ടപ്പന വെള്ളയാംകുടി വട്ടക്കാട്ട് ലിന്റോ തോമസ് (30). കൃത്യസമയത്ത് ഇന്റർവ്യൂ കാർഡ് പോസ്റ്റ്ഓഫീസിൽ നിന്നും കൈമാറാതിരുന്നതിനാൽ ലിന്റെ ഇന്റർവ്യൂ നടന്ന വിവരം പോലും അറിഞ്ഞിരുന്നില്ല. പിന്നീട് 10 ദിവസം കഴിഞ്ഞാണ് ഈ കത്ത് യുവാവിന്റെ കൈയ്യിലെത്തിയത്.
മാർച്ച് 18നാണ് കത്ത് പോസ്റ്റ് ഓഫിസിൽ എത്തിയത്. 23ന് ആയിരുന്നു ഇന്റർവ്യൂ. എന്നാൽ, 10 ദിവസത്തിനുശേഷം 28ന് ആണു കത്ത് തനിക്കു ലഭിച്ചതെന്നു ലിന്റോ പറയുന്നു. തുടർന്ന് ലിന്റോ പ്രതിഷേധവുമായി പോസ്റ്റ് ഓഫിസ് പടിക്കൽ എത്തി ഭിക്ഷ യാചിച്ചു സമരം നടത്തി.
കാഴ്ച വെല്ലുവിളി നേരിടുന്ന ലിന്റോയ്ക്ക് സർക്കാർ സ്‌കൂളിലെ അനധ്യാപക തസ്തികയിലേക്കുള്ള നിയമനത്തിനായാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്നും ഇന്റർവ്യൂ കാർഡ് വന്നത്. ലിന്റോയ്ക്ക് അവസരം നഷ്ടമായതിനാൽ മറ്റൊരാൾക്കു സ്‌കൂളിൽ നിയമനവും ലഭിച്ചു.
തുടർന്ന് മുഖ്യമന്ത്രി, കലക്ടർ, തപാൽ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കെല്ലാം പരാതി നൽകി. എന്നിട്ടും നടപടി ഉണ്ടാകാതെ വന്നതോടെയാണ് ലിന്റോ സമരവുമായി മുന്നോട്ട് വന്നത്. നിയമനടപടിയുമായി മുന്നോട്ടുപോകാൻ അഭിഭാഷകന്റെ സഹായം ലഭ്യമാക്കാമെന്നു പോലീസ് അറിയിച്ചതോടെയാണ് യുവാവ് സമരം അവസാനിപ്പിച്ചത്.
Discussion about this post