തെരുവുനായയുടെ കടിയേറ്റയാൾ വാക്‌സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ചു; കടിയേറ്റ മറ്റുള്ളവർ ഭീതിയിൽ

ആലുവ: അക്രമാസക്തമായ തെരുവ് നായുടെ കടിയേറ്റ് ചികിത്സയിലായിരുന്നയാൾ പേവിഷബാധയേറ്റ് മരിച്ചു. പെരുമ്പാവൂർ കൂവപ്പടി ആയത്തുപടി പള്ളിക്കരക്കാരൻ പത്രോസ് പൈലിയാണ് (പോളച്ചൻ 57) മരിച്ചത്. എറണാകുളം ഗവ. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്.

ഈ മാസം രണ്ടിനാണ് ആലുവ കെഎസ്ആർടിസി പരിസരത്തുവച്ച് പേയിളകിയതുപോലെ അക്രമാസക്തനായ തെരുവുനായ പൈലിയെ കടിച്ചത്. ഇതേ നായ വിവിധ സമയങ്ങളിലായി 13 ഓളം പേരെയാണ് കടിച്ച് പരിക്കേൽപ്പിച്ചത്. തൊഴിലുറപ്പ് ജോലിക്കാരനായ പത്രോസ് പൈലി ആലുവ ജില്ല ആശുപത്രിയിൽ നേരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഇതിന്റെ ഭാഗമായി തുടർ പരിശോധനക്ക് ഡോക്ടറെ കാണാൻ ആശുപ്രതിയിലേക്ക് പോകവെയാണ് തെരുവുനായ് ആക്രമണത്തിനിരയായത്.

ഇതേതുടർന്ന് സാധാരണ നൽകുന്ന വാക്‌സിൻ പത്രോസ് പൈലി എടുത്തിരുന്നു. രണ്ടുദിവസം മുമ്പ് ഇയാൾക്ക് പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നു. കടുത്ത പനിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച പത്രോസ് പൈലിയെ പേവിഷ ബാധ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഐസൊലേഷൻ വാർഡിലാണ് കിടത്തിയിരുന്നത്. ജനങ്ങളെ ആക്രമിച്ച നായയെ നഗരസഭ ആരോഗ്യ വിഭാഗം പിടികൂടി കൂട്ടിലടച്ചിരുന്നു.

ALSO READ- ‘തെറ്റിദ്ധരിപ്പിച്ച പരസ്യത്തിന്റെ അത്രവലിപ്പത്തിൽ തന്നെ മാപ്പ് പറച്ചിലും വേണം’; ബാബാ രാംദേവിനെ വിമർശിച്ച് സുപ്രീംകോടതി

പിന്നീട് നായക്ക് മരണം സംഭവിച്ചതിനെ തുടർന്ന് പോസ്റ്റ് മോർട്ടം ചെയ്തതോടെയാണ് പേ വിഷ ബാധ സ്ഥിരീകരിച്ചത്. ഇതോടെ നായയുടെ കടിയേറ്റവർ ജാഗ്രതയിലായിരുന്നു. ഈ സാഹചര്യത്തിലാണ് പത്രോസ് പൈലിയുടെ മരണവാർത്തയുമെത്തിയത്. ഇതോടെ ഇവർ ഭീതിയിലായിട്ടുണ്ട്. നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചതിനെതുടർന്ന് തെരുവിൽ അലയുന്ന 68 ഓളം നായ്ക്കളെ പിടികൂടി കുത്തിവെപ്പ് നൽകി.


പേവിഷ ബാധയേറ്റ് മരിച്ച നായുടെ കടിയേറ്റ മറ്റു നായ്ക്കൾക്ക് വിഷ ബാധയേറ്റിട്ടുണ്ടോയെന്ന ആശങ്കയിലാണ് ജനങ്ങൾ. എൽസിയാണ് പത്രോസ് പൈലിയുടെ ഭാര്യ. മക്കൾ: റിജോ, റിന്റോ. മരുമക്കൾ: ജിജി, ജിന്റോ.

Exit mobile version