തിരുവനന്തപുരം: ജെസ്ന തിരോധാന കേസിൽ തുടരന്വേഷണത്തിന് തയ്യാറാണെന്നും തെളിവുകൾ നൽകണമെന്നും സിബിഐ കോടതിയിൽ. ജെസ്നയുടെ അച്ഛൻ ഉന്നയിക്കുന്ന കാര്യങ്ങൾ അന്വേഷിക്കാം. അതിനുള്ള തെളിവുകൾ ജെസ്നയുടെ അച്ഛൻ മുദ്ര വെച്ച കവറിൽ കോടതിയിൽ സമർപ്പിക്കണമെന്നാണ് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സിബിഐയുടെ വാദത്തിൽ അടുത്ത മാസം മൂന്നിന് ഹർജി വീണ്ടും പരിഗണിക്കും. തിരുവനന്തപുരം സിജെഎം കോടതിയാണ് ഹർജി പരിഗണിച്ചത്.
ALSO READ- ലോക്‌സഭാ തെരഞ്ഞെടുപ്പ്; കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വെ
സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്തു ജെസ്നയുടെ പിതാവ് നൽകിയ ഹർജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. വീട്ടിൽ നിന്ന് തെളിവുകൾ കണ്ടെടുത്ത പോലീസ് ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്തില്ലെന്ന് നേരത്തെ ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു.
അതേസമയം, കേസിൽ സാധ്യമായ എല്ലാ അന്വേഷണവും നടത്തിയെന്നായിരുന്നു നേരത്തെ സിബിഐയുടെ മറുപടി. കോടതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഇൻസ്പെക്ടർ നിപുൽ ശങ്കർ കോടതിയിൽ കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ നേരിട്ടു ഹാജരാവുകയും ചെയ്തിരുന്നു. ജെസിനയുടെ അച്ഛന്റെ വാദം പോലെ രക്തം പുരണ്ട വസ്ത്രം കേരള പോലീസിന് ലഭിച്ചിട്ടില്ലെന്നും കാണാതായ സമയത്ത് ജെസ്ന ഗർഭിണി അല്ലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചിരുന്നു.