കോട്ടയം: യുഡിഎഫ് സ്ഥാനാര്‍ഥി കെ ഫ്രാന്‍സിസ് ജോര്‍ജ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 12 കോടിയോളം രൂപയുടെ കള്ളപ്പണ നിക്ഷേപമെന്ന് ആരോപണം. ഇക്കാലയളവില്‍ ഫ്രാന്‍സീസ് ജോര്‍ജ് നികുതിയിനത്തില്‍ മാത്രം വെട്ടിച്ചത് ഒരു കോടിയോളം രൂപയാണ്.
ഫ്രാന്‍സിസ് ജോര്‍ജിന്റെ നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ച കണക്കുകളിലാണു പൊരുത്തക്കേടുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി മൈക്കിള്‍ വര്‍ഗീസ് ഇലക്ഷന് കമ്മീഷന് പരാതി നല്കി. സത്യവാങ്മൂലത്തിലെ ആസ്തി, വരുമാനം, ബാധ്യതകള്‍ തുടങ്ങിയ കണക്കുകള്‍ പരസ്പരം പൊരുത്തപ്പെടുന്നവയല്ലെന്ന വസ്തുതകള്‍ നിരത്തിയാണ് പരാതി നൽകിയിരിക്കുന്നത്.
ഫ്രാന്‍സിസ് ജോര്‍ജ് മാറാടി വില്ലേജില്‍ 28.3.2023 ല്‍ 99 സെന്റ് സ്ഥലവും 7632 ചതുരശ്രയടി വിസ്തീര്‍ണമുള്ള കൊട്ടാരസദൃശമായ വീടും 1.40 കോടി രൂപയ്ക്കു വാങ്ങിയതായാണ് 2024ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്താണിത്. മാറാടിയില്‍ ഭൂമിയ്ക്കു സെന്റ് ഒന്നിന് അഞ്ചു ലക്ഷത്തിലേറെ വിലയുണ്ട്. അഞ്ചു ലക്ഷം രൂപ കണക്കാക്കിയാല്‍ പോലും 99 സെന്റിന് 4.95 കോടി വില വരും.
വസ്തു വാങ്ങിയതായി കാണിച്ചിരിക്കുന്നത് 94,64,500 രൂപയ്ക്കാണ്. ഇതോടൊപ്പം 7632 ചതുരശ്രയടി ആഡംബര വീടിനു സത്യവാങ്മൂലത്തില്‍ പറയുന്ന തുകവെച്ചു കണക്കാക്കിയാല്‍ ചതുരശ്രയടിയ്ക്ക് 450 രൂപയോളമാണു നിര്‍മാണച്ചിലവു വരുന്നത്.
എന്നാല്‍, ലൈഫ് മിഷന് പദ്ധതിയിലെ വീടിനു പോലും ചതുരശ്രയടിയ്ക്ക് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്ന നിര്‍മാണച്ചെലവ് 920 രൂപയാണെന്നിരിക്കേ പൂര്‍ണമായും മോടിപിടിപ്പിച്ച ആഡംബര വീടിനു ചെലവായത് ചതുരശ്രയടിയ്ക്ക് 450 രൂപ എന്നത് ഏറെ കൃത്രിമത്വം നിറഞ്ഞതാണെന്ന് പരാതിയില്‍ പറയുന്നു.
നിര്‍മ്മാണ വിദഗ്ദ്ധരുടെ കണക്കനുസരിച്ച് ആഡംബര വീടുകള്‍ക്കു വരുന്നതു ചതുരശ്രയടിയ്ക്ക് ഏറ്റവും കുറഞ്ഞത് 2000 രൂപയാണ്. അങ്ങനെ കണക്കാക്കിയാല്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ വസതിയ്ക്ക് 1,52,64,000 രൂപ വിലമതിക്കും. 1.40 കോടി രൂപയ്ക്ക് 2023 മാര്‍ച്ച് മാസത്തില്‍ അദ്ദേഹം വാങ്ങിയ ഭൂമിയുടെയും വീടിന്റെയും ഇപ്പോഴത്തെ മൂല്യം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ 2,56,67,000 രൂപയാണെന്നുമാണ് സത്യവാങ്മൂലത്തിലുള്ളത്.
ഒരു വര്‍ഷം കൊണ്ടു സ്ഥലത്തിനും വീടിനും വര്‍ധിച്ചത് 1,16,23,300 രൂപയാണ്. ഈ ഒറ്റ ഇടപാടില്‍ തന്നെ 6.5 കോടി രൂപയുടെ പണം കൈമാറിയിട്ടുണ്ടെങ്കിലും കാണിച്ചിരിക്കുന്നതു വെറും 1.40 കോടി രൂപ മാത്രം.
ഇക്കഴിഞ്ഞ വര്‍ഷം അദ്ദേഹം സമര്‍പ്പിച്ച ആദായ നികുതി റിട്ടേണില്‍ വ്യക്തമാക്കിയ വരുമാനം വെറും 10,10,939 രൂപ മാത്രമാണ്. ഇതോടെ ഏതാണ്ട് ആറുകോടിയിലേറെ വരുന്ന വസ്തുക്കച്ചവടത്തിന്റെ സ്രോതസ് അദ്ദേഹം വെളിപ്പെടുത്തേണ്ടിവരുമെന്നതാണ് ആവശ്യം.
ഈ വസ്തു ഇടപാടില്‍ സര്‍ക്കാരിലേക്ക് അടച്ച സ്റ്റാമ്പ് ഡ്യൂട്ടി എത്ര എന്നതു ബംബന്ധിച്ച വിവരങ്ങളോടൊപ്പം അമ്പതു ലക്ഷം രൂപയുടെ ബോണ്ട് അദ്ദേഹം വാങ്ങിയതായി സത്യവാങ്മൂലത്തിലുണ്ട്. ഈ പണത്തിന്റെ സ്രോതസും വ്യക്തമല്ല.
ഫ്രാന്‍സീസ് ജോര്‍ജിന്റെ ഭാര്യ ഷൈനി ഫ്രാന്‍സീസിന്റെ പേരിലും സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി ആരോപണമുണ്ട്.
2022-23 ല്‍ ഷൈനിയുടെ നികുതി വരുമാനം 9,64,390 രൂപയായി സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്നു. എന്നാല്‍ ഈ വര്‍ഷം മൂവാറ്റുപുഴ ടൗണില്‍ 40 സെന്റ് സ്ഥലവും 9234 ചതുരശ്രയടിയുള്ള ഷോപ്പിംഗ് കോംപ്ലക്സും വാങ്ങിയതായും രേഖകളിലുണ്ട്.
മൂവാറ്റുപുഴ ടൗണില്‍, വെള്ളൂക്കുന്നം വില്ലേജില്‍ 832/1, 832/9, 832/3, 832/92 എന്നീ സര്‍വേ നമ്പരുകളിലുള്ള ഭൂമി ഫ്രാന്‍സീസിന്റെ പേരിലും 832/923 സര്‍വേ നമ്പരിലുള്ള ഭൂമി ഷൈനിയുടെ പേരിലുമുണ്ട്.
2021ലെ സത്യവാങ്മൂലത്തില്‍ 832/9 സര്‍വേ നമ്പരില്‍പ്പെട്ട 86 സെന്റ് വരുന്ന കുടുംബസ്വത്തിന്റെ അഞ്ചിലൊന്ന് അവകാശമായ 17 സെന്റ് സ്ഥലം മാത്രമുണ്ടായിരുന്നത് 2024ലെ സത്യവാങ്മൂലത്തില്‍ 40 സെന്റ് സ്ഥലമായി ഭാര്യ ഷൈനിയുടെ പേരില്‍ പിന്തുടര്ച്ചാവകാശ ഭൂമിയായി കാണിച്ചിരിക്കുന്നത്.
ഈ ഭൂമി പിന്തുടര്ച്ചാവകാശം വഴി എങ്ങനെ ഭാര്യയ്ക്കു ലഭിച്ചു എന്നതിലും വ്യക്തയില്ല. ഫ്രാന്‍സീസ് ജോര്‍ജിന്റെ സഹോദരങ്ങളുടെ ഭൂമിയെങ്കില്‍ അദ്ദേഹത്തിന്റെ ഭാര്യയ്ക്കെങ്ങനെ പിന്തുടര്ച്ചാവകാശം വഴി കൈമാറാന്‍ സാധിക്കില്ലെന്നിരിക്കെയാണിത്. ഇതോടൊപ്പം 17 സെന്റ് സ്ഥലം എങ്ങനെ 40 സെന്റായി മാറി എന്നതിലും വ്യക്തതയില്ല.
അതേ സമയം 9234 ചതുരശ്രയടി കൊമേഴ്സ്യല്‍ കോംപ്ലക്സിനു വിലയിട്ടിരിക്കുന്നത് 40 ലക്ഷം രൂപ മാത്രമാണ്. മൂവാറ്റുപുഴയുടെ ഹൃദയഭാഗത്ത് എം.സി. റോഡില്‍ ഉള്ള 40 സെന്റ് സ്ഥലത്തിനും 9234 ചതുരശ്രയടി വ്യാപാര സമുച്ചയത്തിനും കൂടി മൂല്യം കണക്കാക്കിയിരിക്കുന്നതു വെറും 1,14,79,780 രൂപ. മൂവാറ്റുപുഴ നഗരത്തില്‍ സെന്റ് ഒന്നിനു കുറഞ്ഞത് 20 ലക്ഷം രൂപയെങ്കിലും നല്‍കാതെ ഭൂമി കിട്ടാനില്ലെന്നിരിക്കെയാണിത്.
ഈ തുക വെച്ചു കണക്കാക്കിയാല്‍ തന്നെ 40 സെന്റ് ഭൂമിയില്‍ ഭര്‍ത്താവിനു കുടുംബാവകാശമായി കാണിച്ചിരുന്ന 16 സെന്റ് കുറച്ച് 24 സെന്റ് ഭൂമി വാങ്ങാന്‍ ചെലവായത് 4.8 കോടി രൂപയോളം വരും.
വ്യാപാര സമുച്ചയത്തിനു നിര്‍മാണച്ചെലവു ചതുരശ്രയടിക്ക് 1500 രൂപ വച്ചു കണക്കാക്കിയാല്‍ 1,38,51,000 രൂപ വരും. അങ്ങനെ ഭൂമിക്കും വസ്തുവിനും കൂടി 9, 38,51,000 രൂപ വിലമതിക്കുന്ന ആസ്തിയാണത്.
സത്യവാങ്മൂലത്തില്‍ വസ്തുവിന്റെ മൂല്യം 74,79,780 രൂപയും, സമുച്ചയത്തിന്റെ നിര്‍മാണച്ചെലവു വെറും 40 ലക്ഷം രൂപയുമെന്നാണു കാണിച്ചിരിക്കുന്നത്.
കൃഷിഭൂമിയെന്ന് രേഖപ്പെടുത്തിയിടത്ത് വ്യാപാര സമുച്ചയം നിര്‍മിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ടോയെന്നും സ്ഥാനാര്‍ഥി വ്യക്തമാക്കേണ്ടി വരും.
ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് ഫ്രാന്‍സീസ് ജോര്‍ജിന്റെയും ഭാര്യയുടെയും പേരില്‍ കഴിഞ്ഞ വര്‍ഷം 12 കോടി രൂപയുടെ വസ്തു ഇടപാടുകള്‍ നടന്നുവെന്നും വിപണിവില കുറച്ചു കാണിച്ചു ലക്ഷങ്ങളുടെ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ചെന്നുമാണ്.
ഫ്രാന്‍സീസ് ജോര്‍ജിന്റെ മകന് ആഫ്രിക്കന്‍ രാജ്യമായ മൗറീഷ്യസില്‍ അക്കൗണ്ട് ഉള്ളതായി 2021ല്‍ അദ്ദേഹം ഇടുക്കിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കലിനും അനധികൃതമായി സമ്പാദിച്ച പണം നിക്ഷേപിക്കലിനും പേരുകേട്ടതാണ് ഈ ആഫ്രിക്കന്‍ രാജ്യം.
ഈ അക്കൗണ്ട് ഇപ്പോഴും നിലവിലുണ്ടോ, ആ അക്കൗണ്ട് വഴി നടത്തിയ തുക കൈമാറ്റവും സ്വീകരിക്കലും എത്രയാണ്, ഏത് സാഹചര്യത്തിലാണ് എന്നതു സംബന്ധിച്ചും ഫ്രാന്‍സീസ് ജോര്‍ജ് മറുപടി പറയേണ്ടിവരും. മാത്രമല്ല, ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പോലും അയോഗ്യത ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് സാധ്യത നിലനില്‍ക്കുന്നുണ്ട്.
Discussion about this post