ഹരിപ്പാട്: കൃഷിയാവശ്യത്തിനായി ഉപയോഗിക്കുന്ന അമിത അളവിലെ കീടനാശിനി പ്രയോഗം കുട്ടനാട്ടിലെ ജന ജീവിതം ദുസ്സഹമാക്കുന്നു. ജലാശയങ്ങളില്‍ കുളിക്കുന്നവര്‍ക്ക് ചൊറിച്ചിലും മത്സ്യങ്ങള്‍ക്ക് രോഗബാധയുമാണ് സ്ഥരീകരിച്ചത്. ഇതോടെ പ്രദേശവാസികള്‍ വന്‍ ദുരിതത്തിലായി. നെല്‍കൃഷി സംരക്ഷിക്കാന്‍ കുട്ടനാട്ടില്‍ കര്‍ഷകര്‍ ഓരോ വര്‍ഷവും പ്രയോഗിക്കുന്നത് 500 ടണ്‍ കീടനാശിനിയാണ്. 50 ടണ്ണിന് മുകളില്‍ കുമിള്‍നാശിനി വേറെയും.
കീടനാശിനി ഉപയോഗിക്കുന്നതില്‍ 50 ശതമാനം മരുന്നുകളും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നതുമാണ്. നിരോധിത മരുന്നുകള്‍ പല പേരുകളിലായി കുട്ടനാട്ടില്‍ വിതരണം ചെയ്യുന്നുമുണ്ട്. തമിഴ്നാട്ടില്‍ നിന്നെത്തുന്ന പച്ചക്കറിയിലെ കീടനാശിനി സാന്നിധ്യത്തെക്കുറിച്ച് വലിയ ചര്‍ച്ചയും ബോധവത്കരണവും നടക്കുന്നതിനിടെയാണ് നെല്ലറയില്‍ വിതക്ക് പിന്നാലെ തുടങ്ങി വിളഞ്ഞ കതിരില്‍ വരെയുള്ള ഈ വിഷ പ്രയോഗം നടത്തുന്നത്.
കൃഷി ആരംഭിച്ചതോടെ കീടനാശിനിയും കുമിള്‍നാശിനിയും രാസവളങ്ങളും അടങ്ങിയ വെള്ളമാണ് പാടശേഖരങ്ങളില്‍ നിന്ന് പുറംന്തള്ളുന്നത്. ഈ വെള്ളമാണ് കുടിവെള്ളമായി വിതരണം ചെയ്യുന്നതു. കുടിവെള്ള ശുദ്ധീകരണ പ്രക്രിയയില്‍ അണുനാശം മാത്രമാണ് നടക്കുന്നത്.
15,000 ടണ്‍ രാസവളമാണ് ഓരോ വര്‍ഷവും ഇവിടെ ഉപയോഗിക്കുന്നത്. ഇങ്ങനെ നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്ന കീടനാശിനിയും രാസവളവും ഫലത്തില്‍ കുട്ടനാടന്‍ ജലാശയങ്ങളെ തീര്‍ത്തും വിഷലിപ്തമാക്കുകയാണ്. ഇത് ജനങ്ങളെയും ദുരിതത്തിലാക്കുന്നു.
Discussion about this post