തിരുവനന്തപുരം: തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ ഉണ്ടായ പരാതിയില്‍ നടപടി. തൃശ്ശൂര്‍ പോലീസ് കമ്മീഷണര്‍ അങ്കിത്ത് അശോക്, അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശന്‍ എന്നിവരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോട് കൂടി അടിയന്തരമായി സ്ഥലം മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പൂരവുമായി ബന്ധപ്പെട്ട് പോലീസിന്റെ നടപടികളില്‍ ഉയര്‍ന്നുവന്ന പരാതികള്‍ സംസ്ഥാന പോലീസ് മേധാവി അന്വേഷിക്കും. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി.
പോലീസ് നിയന്ത്രണത്തില്‍ വീഴ്ച സംഭവിച്ചോ എന്ന് ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാനാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി യോടാണ് റിപ്പോര്‍ട്ട് തേടിയത്. പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടോ എന്ന് കണ്ടെത്താനാണ് നടപടി. പൂര ദിവസം സംഘാടകരെ അടക്കം പോലീസ് തടയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.