തിരുവനന്തപുരം: ജര്‍മനിയില്‍ ജോലി തേടുന്നവര്‍ക്ക് സുവര്‍ണാവസരം. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ജര്‍മനിയിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം നടത്തുന്നു. നഴ്സിങ്ങില്‍ ഡിഗ്രിയും ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന ജോലിക്ക് ശേഷമുള്ള ഇടവേള ഒരു വര്‍ഷത്തില്‍ കൂടാന്‍ പാടില്ലെന്നും നിബന്ധനയുണ്ട്. നിലവില്‍ 200 ഒഴിവുകളാണുള്ളത്.
40 വയസാണ് ഉയര്‍ന്ന പ്രായ പരിധി. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം. 2024 മെയ് മാസം രണ്ടാം വാരം ഇന്റര്‍വ്യൂ നടക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ ജര്‍മ്മന്‍ ഭാഷാ പരിശീലനം ഒഡെപെകിന്റെ വിവിധ പരിശീലന കേന്ദ്രങ്ങളില്‍ വച്ച് നല്‍കും.
എ1 മുതല്‍ ബി2 ലെവല്‍ വരെയുള്ള പരിശീലനം സൗജന്യമാണ്. ബി1 ലെവല്‍ മുതല്‍ നിബന്ധനകള്‍ക്ക് വിധേയമായി 10,000 രൂപ പ്രതിമാസ സ്റ്റൈപെന്‍ഡും ലഭിക്കും. 2400 യൂറോ മുതല്‍ 4000 യൂറോ വരെയാണ് ശമ്പളം. മൂന്ന് വര്‍ഷത്തെ കരാറായിരിക്കും. ഇത് പിന്നീട് ദീര്‍ഘിപ്പിച്ചേക്കാം. ആഴ്ചയില്‍ 38.5 മണിക്കൂറാണ് ജോലി സമയം.
ചില ആശുപത്രികള്‍ ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി ആവശ്യപ്പെടുന്നുണ്ട്. ഇന്റര്‍വ്യൂവിനു രജിസ്റ്റര്‍ ചെയ്യുന്നതിനും വിശദ വിവരങ്ങള്‍ക്കുമായി www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ -0471-2329440/41/42/43/45; മൊബൈല്‍ നമ്പര്‍: 77364 96574. ഒഡെപെകിന് മറ്റു ശാഖകളോ ഏജന്റുമാരോ ഇല്ലെന്ന് അധികൃതര്‍ പ്രത്യേകം മുന്നറിയിപ്പ് നല്കി.
Discussion about this post