തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തില്‍ അസാധാരണ പ്രതിസന്ധി. പൂരത്തിന്റെ പ്രധാന ആകര്‍ഷണമായ വെടിക്കെട്ട് നാല് മണിക്കൂര്‍ വൈകി ആരംഭിച്ചു. പുലര്‍ച്ചെ മൂന്നരയ്ക്ക് നടക്കേണ്ട വെടിക്കെട്ടാണ് അനിശ്ചിതമായി വൈകിയത്. പോലീസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് വെടിക്കെട്ട് നിര്‍ത്തിവെച്ചിരുന്നത്.
പോലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് നിര്‍ത്തിവെച്ച വെടിക്കെട്ട് പുനരാരംഭിച്ചപ്പോള്‍ ആദ്യം പാറമേക്കാവിന്റെയും തുടര്‍ന്ന് തിരുവമ്പാടിയുടെയും വെടിക്കെട്ടാണ് നടന്നത്. പുലര്‍ച്ചെ തന്നെ മന്ത്രി കെ. രാജന്‍, കളക്ടര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംഘാടകരുമായി നടന്ന ചര്‍ച്ചയിലാണ് നിര്‍ത്തിവെച്ച പൂരം പുനരാരംഭിക്കാനും വെടിക്കെട്ട് പുലര്‍ച്ചെ തന്നെ നടത്താനും തീരുമാനമായത്.
വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം. പൂര പറമ്പില്‍ പോലീസ് രാജെന്ന് ദേശക്കാര്‍ ആരോപിച്ചു. വെടിക്കെട്ട് വൈകുന്നതില്‍ പൂരപ്രേമികളും പ്രതിഷേധത്തിലായിരുന്നു.
ജില്ലാ ഭരണകൂടം ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തി. അല്‍പസമയത്തിനുള്ളില്‍ വെടിക്കെട്ട് നടത്തുമെന്ന് പാറമേക്കാവ് അറിയിച്ചു. വെടിക്കെട്ട് നടത്താനുള്ള ഒരുക്കങ്ങള്‍ തിരുവമ്പാടിയും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആളുകള്‍ തിരികെ മടങ്ങി തുടങ്ങി. കടുത്ത നിരാശയിലാണ് പൂരത്തിനെത്തിയ ജനങ്ങള്‍. പൂരം തകര്‍ക്കാന്‍ നീക്കം നടക്കുന്നുവെന്നാണ് പൂര പ്രേമികള്‍ പറയുന്നത്. പാറമേക്കാവിലമ്മയുടെ രാത്രി എഴുന്നള്ളിപ്പ് പൊലീസ് ബാരിക്കേഡ് വച്ച് തടയുകയും ഒരാനയെയും ഏതാനും മേളക്കാരെയും മാത്രം കടത്തിവിട്ടതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.