തിരുവനന്തപുരം: ജെസ്നയെ കാണാതായ കേസിൽ പിതാവ് ജെയിംസ് ഉന്നയിച്ച വാദങ്ങൾ തള്ളിക്കളഞ്ഞ് സിബിഐ കോടതിയിൽ. ജെസ്‌ന കേസിൽ തുടരന്വേഷണം സംബന്ധിച്ച തീരുമാനം തിരുവനന്തപുരം സിബിഐ കോടതി 23-ന് പ്രഖ്യാപിക്കും. നേരത്തെ, കേസിൽ അന്വേഷണം അവസാനിപ്പിച്ച് കോടതിയിൽ സിബിഐ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഈ നടപടിക്ക് എതിരായാണ് അന്വേഷണം തുടരണമെന്ന് ആവശ്യപ്പെട്ട് ജെസ്നയുടെ പിതാവ് കോടതിയെ സമീപിച്ചത്. ജെസ്നയുടെ രക്തംപുരണ്ട വസ്ത്രം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് വേണ്ടവിധത്തിൽ പ്രാധാന്യം നൽകി അന്വേഷിച്ചില്ലെന്നാണ് ജെയിംസ് ചൂണ്ടിക്കാണിച്ചിരുന്നത്.
എന്നാൽ, സാധ്യമായ എല്ലാ അന്വേഷണവും നടത്തിയിരുന്നുവെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. ജെസ്നയുടെ രക്തക്കറ അടങ്ങിയ വസ്ത്രങ്ങൾ ക്രൈംബ്രാഞ്ച് കൈമാറിയിരുന്നു എന്ന പിതാവിന്റെ വാദം അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഇൻസ്പെക്ടർ നിപുൽ ശങ്കർ തള്ളി.
കേസിന്റെ ഭാഗമായി വസ്ത്രം കേരള പോലീസിന് ലഭിച്ചിട്ടില്ലെന്നും ജസ്ന ഗർഭിണി അല്ലായിരുന്നുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. തുടരന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ വിശദീകരണം ആവശ്യപ്പെട്ട് കോടതി തന്നെയാണ് സിബിഐ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയത്.
കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരുടെ മൊഴി സിബിഐ എടുത്തില്ലെന്ന് ജസ്നയുടെ പിതാവ് ജെയിംസ് ആരോപിച്ചിരുന്നു. എന്നാൽ, കേസിൽ എല്ലാവരുടെയും മൊഴിയെടുത്തുവെന്ന് നിപുൽ ശങ്കർ കോടതിയെ അറിയിച്ചു. എല്ലാ കാര്യങ്ങളും തങ്ങൾ അന്വേഷിച്ചുവെന്നും ഇനി തുടരന്വേഷണം ആവശ്യമില്ലെന്നുമാണ് സിബിഐ കോടതിയിൽ അറിയിച്ചിരിക്കുന്നത്.
റാന്നി വെച്ചൂച്ചിറ മുക്കൂട്ടുതറ സന്തോഷ് കവലയിൽ കുന്നത്ത് ജെയിംസ് ജോസഫിന്റെ മകളായ ജെസ്ന ജെയിംസിനെ 2018 മാർച്ച് 22-നാണ് കാണാതായത്. അന്ന് 20 വയസ്സായിരുന്നു. ലോക്കൽ പോലീസും സ്പെഷ്യൽ ടീമും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസാണ് പിന്നീട് സിബിഐയ്ക്ക് കൈമാറിയത്.
Discussion about this post