മഞ്ചേരി: ആഗ്രഹിച്ചതുപോലെ എംബിബിഎസ് പഠനത്തിനായി അവസരം ലഭിച്ചത് മൂന്നാമത്തെ ശ്രമത്തിൽ. ഏറെ കൊതിച്ച സീറ്റിനായി നീറ്റ് പരീക്ഷ നിരന്തരമെഴുതി ഒടുവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ച ആ പെൺകുട്ടിക്ക് സ്വപ്നം സഫലമാകും വിധിയുടെ മുന്നിൽ തോൽക്കാനായിരുന്നു നിയോഗം.
വയനാട്ടിൽ വെച്ചുണ്ടായ സ്കൂട്ടർ അപകടത്തിൽപ്പെട്ട് മഞ്ചേരി സ്വദേശിനി തസ്കിയ മരണപ്പെട്ടെന്ന വാർത്ത നോവുണർത്തുകയാണ്. ഒട്ടേറെ വിദ്യാർത്ഥികൾക്ക് പ്രചോദനമായ തസ്കിയയുടെ വാക്കുകൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു.
പോപ്പുലർ ഫ്രണ്ട് മുൻ ദേശീയ ചെയർമാൻ ഓവുങ്ങൽ മുഹമ്മദ് അബ്ദുൽസലാമിന്റെ (ഒഎംഎ സലാം) മകളും മെഡിക്കൽ വിദ്യാർഥിനിയുമായ മഞ്ചേരി കിഴക്കേത്തല മാടങ്കോട് ഫാത്തിമ തസ്കിയ (21) കൽപറ്റയിലുണ്ടായ സ്കൂട്ടറപകടത്തിലാണ് മരണപ്പെട്ടത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അപകടം.
എംബിബിഎസ് വിദ്യാർഥിനിയായ ഫാത്തിമ തസ്കിയ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത് മടങ്ങവേയാണ് സഞ്ചരിച്ച സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. സ്കൂട്ടർ ഓടിച്ച സഹപാഠി അജ്മിയ ഗുരുതരപരിക്കുകളോടെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, തസ്കിയ മൂന്നാംതവണ നീറ്റ് പരീക്ഷയെഴുതി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയതിനെ കുറിച്ച് ‘തോറ്റ് തോറ്റ് ഞാൻ ഡോക്ടറായി’ എന്ന് സംസാരിക്കുന്ന വീഡിയോ 10 ലക്ഷത്തിലധികം പേരാണ് കണ്ടിട്ടുള്ളത്.
നീറ്റ് പരീക്ഷ കാലത്ത് താനും കുടുംബവും കടുത്ത പരീക്ഷണങ്ങളുടെ നടുവിലായിരുന്നുവെന്ന് തസ്കിയ പറഞ്ഞിരുന്നു. ആശുപത്രി കിടക്കയിൽനിന്ന് ഡോക്ടർമാരുടെ അനുവാദം വാങ്ങി പരീക്ഷയ്ക്കിരുന്ന മൂന്നാം ശ്രമത്തിൽ ആഗ്രഹിച്ചപോലെ കോഴിക്കോട് തന്നെ മെഡിസിന് സീറ്റ് കിട്ടിയതിൽ സന്തോഷത്തിലായിരുന്നു തസ്കിയയും കുടുംബവും.
എന്നാൽ, എംബിബിഎസ് രണ്ടാംവർഷ പഠനത്തിനിടെ തസ്കിയയെ വിധി തട്ടിയെടുത്തത് വലിയ ഞെട്ടലായി. രോഗികൾ തങ്ങളുടെ പ്രാർത്ഥനകളിൽ ചേർത്തുപിടിക്കുന്ന ഡോക്ടറാകണം എന്നായിരുന്നു ഫാത്തിമ തസ്കിയയുടെ മോഹം. അക്കാര്യം മോട്ടിവേഷൻ ക്ലാസുകളിൽ തസ്കിയ പലവുരു പറഞ്ഞിട്ടുമുണ്ട്.
‘എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അതീവ ഗുരുതരാവസ്ഥയിലായ ഉമ്മയെ എല്ലാ ഡോക്ടർമാരും കൈയൊഴിഞ്ഞപ്പോൾ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ രണ്ടും കൽപിച്ച് നടത്തിയ ശസ്ത്രക്രിയ അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഡോ. ഗീതയാണ് എന്നിൽ ഡോക്ടർ മോഹം കരുപ്പിടിപ്പിച്ചത്.
എന്റെ പ്രാർഥനകളിൽ എന്നും ആ ഡോക്ടറുണ്ട്. അതുപോലെ സന്ദിഗ്ദ്ധ ഘട്ടങ്ങളിൽ ഉറച്ച തീരുമാനമെടുത്ത് പാവപ്പെട്ട രോഗികൾക്ക് ആശ്രയമായി മാറുമ്പോൾ തന്നെയും ഉതുപോലെ പ്രാർഥന കൊണ്ട് ചേർത്തുപിടിക്കാൻ ആളുകളുണ്ടാവുമല്ലോ,’ – ഇതാണ് തസ്കിയയെ മെഡിക്കൽ പഠനത്തിലേക്ക് ആകർഷിച്ചത്.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച സമയത്ത് എൻഐഎ അറസ്റ്റ് ചെയ്ത് ഡൽഹി തിഹാർ ജയിലിൽ അടച്ച ഒഎംഎ സലാമിന് മകളുടെ മരണാനന്തരച്ചടങ്ങുകളിൽ പങ്കെടുക്കാൻ പരോൾ അനുവദിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തെ പരോളിൽ വെള്ളിയാഴ്ച അദ്ദേഹം വീട്ടിലെത്തി. തസ്കിയയുടെ കബറടക്കം വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മഞ്ചേരി സെൻട്രൽ മസ്ജിദ് കബറിസ്ഥാനിൽ.
ALSO READ- മകളെ കണ്ടിട്ട് 12 വര്ഷം: വധശിക്ഷ കാത്ത് കഴിയുന്ന നിമിഷപ്രിയയെ കാണാന് അമ്മ യെമനിലേക്ക്
മാതാവ്: പയ്യനാട് പുതുപ്പറമ്പിൽ ബുഷ്റ. സഹോദരങ്ങൾ: മുഖ്താർ അഹമ്മദ് യാസീൻ (തൃശ്ശൂർ ഗവ. എൻജി. കോളേജ് കംപ്യൂട്ടർ സയൻസ് വിദ്യാർഥി), തബ്ഷിറ (മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസ്. വിദ്യാർഥി), മുഷ്താഖ് അഹമ്മദ് യാസിർ (തുറക്കൽ എച്ച്.എം.എസ്.എ.യു.പി.എസ്. വിദ്യാർഥി).
Discussion about this post