ശബരിമല യുവതി പ്രവേശ വിഷയത്തിലെ പ്രതിഷേധ പരിപാടികളില്‍ സജീവ പങ്കാളികളായവരും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരും തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കരുതെന്ന് പൊലീസ്. ഘോഷയാത്രയില്‍ പങ്കാളികളായവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. പൊലീസ് ക്ലിയറന്‍സ് ലഭിച്ചവര്‍ക്ക് മാത്രമേ തിരിച്ചറിയല്‍ കാര്‍ഡുകള്‍ അനുവദിക്കൂ. നാളെയാണ് തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് പുറപ്പെടുന്നത്.
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് തിരുവാഭണ ഘോഷയാത്രയില്‍ പൊലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രയില്‍ പങ്കെടുക്കുന്ന പൊലീസുകാര്‍ അല്ലാത്തവര്‍ക്ക് ദേവസ്വം ബോര്‍ഡ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം.
പൊലീസ് ക്ലിയറന്‍സ് ഉള്ളവര്‍ക്ക് മാത്രമേ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാവൂ എന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവ് ടി.നാരായണന് ദേവസ്വം കമ്മീഷണര്‍ക്ക് നല്കിയ കത്തില്‍ വ്യക്തമാക്കുന്നു. യുവതി പ്രവേശ വിഷയത്തില്‍ നടന്ന പ്രതിഷേധങ്ങളില്‍ സജീവ പങ്കാളികള്‍ ആയവരും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരെയും ഘോഷയാത്രയില്‍ നിന്ന് ഒഴിവാക്കണമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിഷേധ പരിപാടികളില്‍ പന്തളം കൊട്ടാരം നിര്‍വാഹക സംഘം ഭാരവാഹികള്‍ അടക്കമുള്ളവര്‍ സജീവ പങ്കാളികള്‍ ആണെന്നിരിക്കെയാണ് പൊലീസിന്റെ ഉത്തരവ്. അതേസമയം കത്ത് സാധാരണ നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്ന് ജില്ലാ പൊലീസ് മേധാവി ടി.നാരായണന് വിശദീകരിച്ചു. നാളെ ഉച്ചക്ക് 12നാണ് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നും തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്നത്. വിവിധ ഇടങ്ങളിലെ സ്വീകരണത്തിന് ശേഷം 14 ന് ഉച്ചക്ക് 2 ന് പമ്പയില്‍ എത്തിച്ചേരും.
Discussion about this post