തിരുവനന്തപുരം: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി ശനിയാഴ്ച യെമനിലേക്ക് തിരിക്കും. അമ്മയ്ക്ക് യെമനിലേക്ക് പോകാന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. നിമിഷപ്രിയയുടെ മോചന ചര്‍ച്ചകള്‍ക്കായിട്ടാണ് അമ്മ പോകുന്നത്. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയുടെ കുടുംബം നഷ്ടപരിഹാരം (ബ്ലഡ് മണി) സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവു ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കുടുംബത്തിന്റെ വാദം.
യെമനില്‍ ബിസിനസ് ചെയ്യുന്ന സാമുവല്‍ ജെറോമും ഒപ്പമുണ്ടാകും. യെമനിലേക്ക് പോകാന്‍ അനുവാദം വേണമെന്ന് കാണിച്ച് പ്രേമകുമാരി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സ്വന്തം ഉത്തരവാദിത്വത്തില്‍ അവിടേക്ക് പോകാനുള്ള അനുവാദം വേണമെന്നായിരുന്നു ആവശ്യം.
യെമനിലേക്ക് പോകാന്‍ കഴിയുന്നതില്‍ സന്തോഷമെന്ന് അമ്മ പ്രേമകുമാരി പറഞ്ഞു. മകളെ കണ്ടിട്ട് 12 വര്‍ഷമായി. യെമന്‍ സര്‍ക്കാരിനും ആക്ഷന്‍ കൗണ്‍സിലിനും നന്ദി പറയുന്നു. ശനിയാഴ്ച വൈകിട്ട് അഞ്ചിന് മുംബൈയില്‍ നിന്നാണ് വിമാനം. നിമിഷ പ്രിയയുടെ അമ്മയുടെ അഭിഭാഷകന്‍ സുഭാഷ് ചന്ദ്രനാണ് ഈക്കാര്യം അറിയിച്ചത്.