കൊച്ചി: സിവില്‍ സര്‍വീസില്‍ നാലാം റാങ്ക് നേടി മലയാളികള്‍ക്ക് അഭിമാനമായിരിക്കുകയാണ് സിദ്ധാര്‍ഥ് രാംകുമാര്‍. അതുമാത്രമല്ല കുടുംബത്തിന് തന്നെ സര്‍പ്രൈസായിരിക്കുകയാണ് സിദ്ധാര്‍ഥിന്റെ നേട്ടം. ഇതിനകം മൂന്ന് തവണ സിവില്‍ സര്‍വീസ് പരീക്ഷ പാസായ സിദ്ധാര്‍ഥ് ഹൈദരാബാദില്‍ ഐപിഎസ് ട്രെയിനിങ്ങിലാണ്. സിദ്ധാര്‍ഥ് ഇത്തവണ പരീക്ഷയെഴുതിയ കാര്യം കൊച്ചിയിലെ വീട്ടിലിരുന്ന് വാര്‍ത്തയിലൂടെയാണ് കുടുംബം അറിയുന്നത്.
എറണാകുളം സ്വദേശിയാണ് സിദ്ധാര്‍ഥ്. 2019ല്‍ ആര്കിടെക്ചര് ബിരുദം പൂര്‍ത്തിയാക്കിയ സിദ്ധാര്‍ഥ് അന്നുമുതല്‍ സ്വപ്നത്തിന് പിന്നാലെയായിരുന്നു. അഞ്ച് തവണയാണ് പരീക്ഷ എഴുതിയത്. മൂന്നാം വര്‍ഷമാണ് ലിസ്റ്റില്‍ ഇടം പിടിച്ചത്. ഐപിഎസ് ട്രെയിനിങിലിരിക്കെയാണ് ഇപ്പോഴത്തെ നേട്ടം.
സിദ്ധാര്‍ഥ് പരീക്ഷ എഴുതിയ കാര്യം തങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് സഹോദരനും മാതാപിതാക്കളും പറയുന്നു. ടിവിയില്‍ പരീക്ഷാ ഫലം കണ്ടപ്പോഴാണ് വിവരം അറിഞ്ഞതെന്നും സഹോദരന് പറഞ്ഞു. 2019ല്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിത്തുടങ്ങുമ്പോള്‍ ആദ്യ കടമ്പയായ പ്രിലിമിനറി പോലും കടക്കാന്‍ സിദ്ധാര്‍ത്ഥിനായില്ല. എന്നാല്‍ ഐഎഎസ് മോഹം ഉള്ളിലുള്ള സിദ്ധാര്‍ത്ഥ് ആത്മവിശ്വാസത്തോടെ പഠിച്ച് 2020-ല്‍ വീണ്ടും പരീക്ഷ എഴുതി.
2021ലും 2022ലും സിദ്ധാര്‍ഥ് ഐപിഎസ് നേടിയിട്ടുണ്ട്. 2022ല്‍ മികച്ച റാങ്കോടെയായിരുന്നു നേട്ടം. എന്നാല്‍ ഐഎഎസ് എന്ന സ്വപ്നം സിദ്ധാര്‍ഥിന് നേടാനായില്ല. ഇതോടെയാണ് വീണ്ടും ശ്രമം നടത്തിയതും വിജയം കണ്ടതും. 2022ല്‍ വെസ്റ്റ് ബംഗാള്‍ കേഡറിലാണ് ഐപിഎസ് ലഭിച്ചത്.
കൊച്ചി സ്വദേശിയായ ചിന്മയ കോളേജിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പാള്‍ രാം കുമാറിന്റെ മകനാണ് സിദ്ധാര്‍ത്ഥ്. ഇത് അഞ്ചാം തവണയാണ് സിദ്ധാര്‍ത്ഥ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. ആകെ അഞ്ചു തവണ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയ സിദ്ധാര്‍ത്ഥ് മൂന്നു തവണയും റാങ്ക് പട്ടികയില്‍ ഇടം പിടിച്ചിരുന്നു. രണ്ടുതവണയും ഐപിഎസായിരുന്നു ലഭിച്ചത്. ഇത്തവണ അഞ്ചാം ശ്രമത്തിലാണ് ഐഎഎസ് കൂടെപ്പോന്നത്. ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനായ ആദര്‍ശ് സഹോദരനാണ്.
Discussion about this post