ന്യൂഡല്‍ഹി: സാമ്പത്തിക ബാധ്യതയിലായ എഡ്യൂടെക് സ്ഥാപനം ബൈജൂസിന്റെ ഇന്ത്യയിലെ സിഇഒ അര്‍ജുന്‍ മോഹന്‍ ചുമതലയൊഴിഞ്ഞു. പദവി ഏറ്റെടുത്ത് ആറ് മാസത്തിന് ഇപ്പുറമാണ് സ്ഥാനമൊഴിഞ്ഞത്. കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് മാറ്റം.
ബൈജൂസിന്റെ പ്രവര്‍ത്തനം മൂന്ന് വിഭാഗമാക്കി പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഓണ്‍ലൈന്‍ ലേര്‍ണിംഗ് ആപ്പ് ബിസിനസ്, ഓണ്‍ലൈന്‍ ക്ലാസ് ആന്റ് ട്യൂഷന്‍ സെന്റര്‍, ടെസ്റ്റ് പ്രിപ്പറേഷന്‍ എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുകയാണ്. മൂന്ന് വിഭാഗത്തെയും നിയന്ത്രിക്കുന്നത് വ്യത്യസ്ത തലവന്മായിരിക്കും.
അര്‍ജുന്‍ മോഹന്‍ കമ്പനിയുടെ ഉപദേശക ചുമതലയിലായിരിക്കും. 2023 സെപ്തംബറിലാണ് അര്‍ജുന്‍ പദവിയേറ്റെടുത്തത്. അതേസമയം അര്‍ജുന്റെ ചുമതല മാറ്റത്തില്‍ പ്രത്യേക കാരണം കമ്പനി നല്‍കുന്നില്ല. ബൈജൂസ് വെല്ലുവിളി നിറഞ്ഞ കാലത്തിലൂടെ കടന്നുപോയപ്പോള്‍ അര്‍ജുന്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചെന്ന് ബൈജു രവീന്ദ്രന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തോട് കടപ്പെട്ടിരിക്കുമെന്നും ഉപദേശകറോളില്‍ ഇതിലും മികച്ച സേവനം പ്രതീക്ഷിക്കുന്നുണ്ടെന്നും ബൈജു രവീന്ദ്രന്‍ പ്രതികരിച്ചു.
2012ലാണ് ബൈജൂസ് ആരംഭിച്ചത്. തുടക്കത്തില്‍ വന്‍ കുതിപ്പുണ്ടാക്കിയ സ്ഥാപനം ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. 2022ല്‍ 22 ബില്യണ്‍ ഡോളറിന്റെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള ഇന്ത്യയിലെ സ്റ്റാര്‍ട്ട് ആപ്പ് ആയിരുന്നു ബൈജൂസ്.