കുട്ടിക്കാലം മുതൽ സയൻസിനെ സ്‌നേഹിച്ചിരുന്ന ആ കുട്ടിയുടെ സ്വപ്‌നം ഒരിക്കൽ സിവൽ സർവീസുകാരിയാവുക എന്നത് മാത്രമായിരുന്നു. പിൽക്കാലത്ത് ഐസറിലെ സയൻസിലെ ഉപരിപഠനവും കഴിഞ്ഞ് സിവിൽസർവീസ് പരിശീലനത്തിലേക്ക് കടന്ന അന്നത്തെ ആ കൊച്ചുപെൺകുട്ടി ഇപ്പോഴിതാ 71ാം റാങ്കോടെ സിവിൽ സർവീസെന്ന സ്വപ്‌നം സ്വന്തമാക്കിയിരിക്കുകയാണ്. അതും ആദ്യ ശ്രമത്തിൽ തന്നെ.
ഫാബി റഷീദെന്ന തിരുവനന്തപുരം സ്വദേശിനിയുടെ വിജയത്തിന്റെ കഥയാണിത്. കഠിനപ്രയത്‌നമാണ് വിജയത്തിലെത്തിച്ചതെന്ന് ഫാബി പറഞ്ഞു. എന്തിനും കൂടെ നിൽക്കുന്ന കുടുംബമാണ് ഫാബിയുടേത്.
24ാം വയസിൽ ആദ്യ ശ്രമത്തിൽ തന്നെ 71ാം റാങ്ക് നേടിയതിന് പിന്നിൽ മാതാപിതാക്കളുടെ മാത്രമല്ല, മുഴുവൻ ബന്ധുക്കളുടെയും പിന്തുണയുണ്ടായിരുന്നു. ഒരിക്കൽ പോലും ആരും തന്റെ ലക്ഷ്യത്തെ സംശയിച്ചില്ലെന്നും അത് ആത്മവിശ്വാസം കൂട്ടിയെന്നും ഫാബി റഷീദ് പറയുന്നു.
ആദ്യത്തെ ശ്രമത്തിൽ തന്നെ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ലസ്‌കൂൾ കാലം മുതൽ തന്നെ സിവിൽ സർവീസ് മോഹം എന്റെ മനസിലുണ്ടായിരുന്നു. തിരുവനന്തപുരത്ത് തന്നെയിരുന്നു ഡിഗ്രിയും പിജിയും ചെയ്തിരുന്നത്. അക്കാലത്തൊന്നും സിവിൽ സർവീസിനായി പരിശീലിച്ചിരുന്നില്ല. പരീക്ഷയ്ക്ക് ആവശ്യമായ പത്രവായനയും അനുബന്ധ വായനയും നടത്താൻ വിട്ടുപോയില്ല.
പഠനം കഴിഞ്ഞതും സിവിൽ സർവീസ് കോച്ചിങ്ങിലേക്ക് തിരിയുകയായിരുന്നു. കുത്തിയിരുന്നുള്ള പഠിത്തമായിരുന്നു. ആദ്യകാലം മുതൽ തന്നെ ദിവസവും കുറഞ്ഞത് 10 മണിക്കൂർ വിതമെങ്കിലും പഠിക്കാൻ ശ്രമിച്ചിരുന്നു. അവസാന കാലത്ത് അതിലും കൂടുതൽ സമയമെടുത്തു. എഴുതി പഠിക്കുന്ന രീതിയാണ് പിന്തുടർന്നത്.
ALSO READ- പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു, ആറുപേര്‍ക്ക് പരിക്കേറ്റു
പ്രിലിംസിനും മെയിൻസിനും അഭിമുഖത്തിനും ഒരോ തരത്തിലായിരുന്നു പഠനം. പ്രിലിംസിന് പോയിന്റുകളായി പഠിച്ചു. മെയിൻസ് പരീക്ഷ എഴുതി തഴക്കം വരുത്തി പഠിക്കുകയായിരുന്നെന്നും വിജയരഹസ്യത്തെ കുറിച്ച് ഫാബി പറയുന്നു. ആയുവേദ ഡോക്ടറായ എസ്എം റഷീദാണ് പിതാവ്. മാതാവ് ഡോ. എം ബീനത്ത ഇഎസ്ഐ ഡയറക്ടറായിരുന്നു.