വെൺമണി: റോഡ് അപകടത്തിൽ ഗുരുതരപരിക്കേറ്റ് ചോരയിൽ കുളിച്ചുകിടന്ന പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കാനായി നാട്ടുകാർക്കൊപ്പം ഓട്ടോയിൽ കയറ്റിവിട്ടപ്പോഴും ആ അച്ഛൻ തിരിച്ചറിഞ്ഞില്ല, അത് തന്റെ മകളാണെന്ന്. ആശുപത്രിയിലെത്തിച്ച പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനുമായില്ല. പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലേക്ക് അയച്ച് മടങ്ങിയപ്പോഴാണ് മകളുടെ മരണവാർത്ത ആ അച്ഛനെ തേടിയെത്തിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വെൺമണി ചെറിയാലുംമൂട്ടിൽ സ്‌കൂട്ടർ വീടിന്റെ മതിലിലിടിച്ചുണ്ടായ അപകടത്തിൽ വെൺമണി പഞ്ചായത്ത് 12-ാം വാർഡ് പുതുശ്ശേരി മുറിയിൽ സജിമോന്റെ മകൾ സിംനാ സജി (15) മരണപ്പെട്ടത്. കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിംനയെ രക്ഷിക്കാനായില്ല. വെൺമണി ലോഹ്യ മെമ്മോറിയൽ എച്ച്എസിൽ പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം പ്രതീക്ഷിച്ചിരിക്കുന്നതിനിടെയാണ് സിംനയുടെ മരണം സംഭവിച്ചത്.
സിംനയുടെ ബന്ധു ഓടിച്ച സ്‌കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. സിംന അപകടത്തിൽപെടുമ്പോൾ മരംവെട്ടു തൊഴിലാളിയായ അച്ഛൻ സജിമോൻ 200 മീറ്റർ അകലെയുള്ള ഒരു സ്വകാര്യ പുരയിടത്തിൽ ജോലി ചെയ്യുകയായിരുന്നു. സംഭവം കണ്ട് അവിടെ ഓടിയെത്തിയെങ്കിലും കഴുത്തിനും മുഖത്തുമേറ്റ പരിക്കിൽ നിന്നും രക്തം വാർന്നൊഴുകിയ നിലയിലായിരുന്നതിനാൽ സിംനയാണ് പരിക്കേറ്റ് കിടക്കുന്നതെന്ന് മനസിലായിരുന്നില്ല.
ഓടിക്കൂടിയ മറ്റുള്ളവർക്കൊപ്പം സിംനയെ ഓട്ടോയിൽ കയറ്റാനും സഹായിച്ച ശേഷമാണ് സജി മടങ്ങിയത്. പിന്നീട് സിംനയെ ആശുപത്രിയിൽ എത്തിച്ചവരാണ് അപകടത്തിൽപ്പെട്ടത് മകളാണെന്ന് അറിയിച്ചത്. അപകടത്തിൽ ബന്ധുവിന് കാര്യമായ പരിക്കില്ല. അമ്മ: ഷൈനി (കുവൈറ്റ്). സഹോദരങ്ങൾ: സോനാ സജി, സ്നേഹാ സജി.