കൊല്ലം: കുളത്തുപ്പുഴ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവ തിരക്കിനിടെ മാല മോഷ്ടിച്ച രണ്ട് യുവതികള്‍ പിടിയില്‍. പാലക്കാട്, തമിഴ്‌നാട് സ്വദേശികളാണ് പോലീസിന്റെ പിടിയിലായത്. തിരുനല്‍വേലി കേന്ദ്രീകരിച്ചുള്ള മോഷണ സംഘത്തിലെ പ്രധാനികളും നിരവധി കവര്‍ച്ച കേസിലെ പ്രതികളുമായ പാലക്കാട് കൊടിഞ്ഞാന്‍പാറ സ്വദേശിനി ദീപയും തമിഴനാട് സ്വദേശിനി പാര്‍വതിയുമാണ് അറസ്റ്റിലായത്.
അരിപ്പ സ്വദേശി ജയയുടെ മൂന്ന് പവന്റെ സ്വര്‍ണ്ണ മാല് കവര്‍ന്ന കേസിലാണ് അറസ്റ്റ്. അഞ്ചംഗ കവര്‍ച്ച സംഘത്തിലെ മൂന്ന് പേരാണ് മേട വിഷു ഉത്സവ ദിവസത്തില്‍ കവര്‍ച്ചയ്ക്കായി കുളത്തുപ്പുഴയില്‍ എത്തിയത്. തിരക്കിനിടയില്‍ പാര്‍വതിയും ദീപയും ചേര്‍ന്ന് മാല പൊട്ടിച്ചു.
സംഘത്തില്‍പ്പെട്ട കലയമ്മാളിന് മാല ഏല്‍പ്പിച്ചു. ഇവര്‍ മാലയുമായി രക്ഷപ്പെട്ടു. സംഭവം കണ്ടവര്‍ ദീപയേയും പാര്‍വതിയേയും തടഞ്ഞു നിര്‍ത്തി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മോഷണ സംഘത്തില്‍പ്പെട്ട മൂന്നു പേരുടെ ചിത്രങ്ങളും പോലീസ് പുറത്തുവിട്ടു. കൊല്ലം ജില്ലയില്‍ എട്ടു വര്‍ഷമായി കവര്‍ച്ച നടത്തുന്നവരാണ് പ്രതികള്‍. കോടതിയിലെത്തുമ്പോള്‍ സ്വര്‍ണ്ണം തിരികെ നല്‍കി തടിയൂരുകയാണ് പതിവ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.