കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചതില്‍ അന്വേഷണം വേണമെന്ന് അതിജീവിതയുടെ സഹോദരന്‍. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു. താരപദവിയുള്ള പെണ്‍കുട്ടിക്കാണ് ഇങ്ങനെ സംഭവിച്ചത്. സാധാരണ പെണ്‍കുട്ടിക്കാണ് ഇത് സംഭവിച്ചതെങ്കില്‍ എന്തായിരിക്കും അവസ്ഥയെന്നും സഹോദരന്‍ ചോദിക്കുന്നുു.
‘സത്യം എന്നും തനിച്ച് നില്‍ക്കും. നുണയ്ക്ക് എന്നും തുണ വേണം. ഇപ്പോള്‍ സംഭവിക്കുന്നത് സൈബര്‍ ആക്രമണത്തിനുള്ള മറുപടിയാണ്. കേസ് ഒത്തുതീര്‍ത്തതായി കൂടെയുള്ളവര്‍ പോലും പറഞ്ഞു പരത്തി. എല്ലാറ്റിനും ഉള്ള മറുപടിയാണ് കാലം വെളിപ്പെടുത്തിയത്. കേസില്‍ ഇതുവരെ ഉണ്ടായത് കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ്. നീതിപീഠം ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നില്ല. ഇതില്‍ ദേഷ്യത്തേക്കാള്‍ ഉപരി വേദനയുണ്ട്. ഒരിക്കല്‍ പോലും കാണാത്ത, പിന്തുണച്ചവരാണ് തങ്ങളുടെ ഊര്‍ജ്ജമെന്നും അതിജീവിതയുടെ സഹോദരന്‍ പറഞ്ഞു.
മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചതിലെ അന്വേഷണ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്ന് അതിജീവിതയും പ്രതികരിച്ചിരുന്നു. ഇത് അന്യായവും ഞെട്ടിക്കുന്നതുമാണ്. പ്രൈവസി എന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണെന്നിരിക്കെ കോടതിയില്‍ ഇരുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ പലവട്ടം മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് താനെന്ന വ്യക്തിക്ക് ഈ രാജ്യത്തെ ഭരണഘടന അനുവദിച്ച അവകാശമാണ്. ഓരോ ഇന്ത്യന്‍ പൗരന്റെയും അവസാനത്തെ അത്താണിയായ നീതിന്യായ വ്യവസ്ഥിതിയുടെ വിശുദ്ധി തകരില്ലെന്ന പ്രത്യാശയോടെ യാത്ര തുടരുക തന്നെ ചെയ്യുമെന്നും അതിജീവിത സോഷ്യലിടത്ത് കുറിച്ചിരുന്നു.