കൊച്ചി: കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദർശനത്തിന്റെ ഭാഗമായി സുരക്ഷയൊരുക്കാൻ റോഡിന് കുറുകെ കെട്ടിയ വടം കുടുങ്ങി സ്‌കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ പോലീസിന് എതിരെ കുടുംബം.
പോലീസ് വടം കെട്ടിയിരുന്നത് യാത്രികർക്ക് കാണുംവിധമായിരുന്നില്ലെന്നും സംഭവ സ്ഥലത്ത് വെളിച്ചം ഉണ്ടായിരുന്നില്ലെന്നും മരിച്ച മനോജ് ഉണ്ണിയുടെ സഹോദരി ചിപ്പി ആരോപിച്ചു. റോഡിലൂടെ കടന്ന് പോകാതിരിക്കാനായി കെട്ടിയ വടം കാണാതെ മുന്നോട്ടുപോയ മനോജ് ഉണ്ണി വടം കഴുത്തിൽ തട്ടി ദൂരേക്ക് തെറിച്ച് വീഴുകയായിരുന്നു.
പോലീസുകാർ നിന്നിരുന്നത് വാഹനങ്ങൾ കടന്ന് പോകാതിരിക്കാനായി റോഡിൽ കെട്ടിയ വടത്തിന്റെ മധ്യ ഭാഗത്തായിരുന്നില്ലെന്നും, റോഡിന്റെ വശങ്ങളിലായാണ് പോലീസ് നിന്നിരുന്നതെന്നും ചിപ്പി പറയുന്നു.
അതേസമയം, പ്രധാന മന്ത്രി വരുന്നതിനെത്തുടർന്ന് വാഹന പരിശോധന നടത്തുന്നതിന്റെ ഭാഗമായി മനോജ് ഉണ്ണിയുടെ സ്‌കൂട്ടർ തടഞ്ഞെിരുന്നെന്നും എന്നാൽ വാഹനം നിർത്താതെ പോയെന്നുമാണ് പോലീസിന്റെ വിശദീകരണം. റോഡിന് കുറുകെ വടം കെട്ടുമ്പോൾ സാധാരണയായി എടുക്കേണ്ട മുൻകരുതലുകൾ കൈക്കൊണ്ടിരുന്നില്ലെന്നും അപകടമുണ്ടായിടത്ത് ബാരിക്കേടുകൾ പോലുളള ക്രമീകരണങ്ങളൊന്നും തന്നെ സ്ഥാപിച്ചിരുന്നില്ല എന്നും ആരോപണം ഉയർന്നിട്ടുണ്ട്.