ഗുരുവായൂരപ്പന് 20 പവന്റെ സ്വര്‍ണ്ണ കിരീടം സമ്മാനിച്ച് ദമ്പതികള്‍

തൃശ്ശൂര്‍: വിഷുദിനത്തില്‍ ഗുരുവായൂരപ്പന് ചാര്‍ത്താന്‍ 20 പവനിലേറെ തൂക്കം വരുന്ന സ്വര്‍ണ്ണ കിരീടം സമ്മാനിച്ച് ബന്ധുക്കള്‍. കോയമ്പത്തൂര്‍ സ്വദേശിയായ ഗിരിജയും ഭര്‍ത്താവ് രാമചന്ദ്രനുമാണ് സ്വര്‍ണക്കിരീടം വഴിപാടായി സമര്‍പ്പിച്ചത്. വിഷുത്തലേന്ന് ദീപാരാധന കഴിഞ്ഞാണ് പൊന്നിന്‍ കിരീടം സോപാനത്തില്‍ സമര്‍പ്പിച്ചത്.

160.350 ഗ്രാം തൂക്കമുള്ള സ്വര്‍ണക്കിരീടം ഏകദേശം 13,08,897 രൂപ വിലമതിക്കുന്നതാണ്. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍, ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം ഡിഎ.പ്രമോദ് കളരിക്കല്‍, കിരീടം രൂപകല്പന ചെയ്ത രാജേഷ് ആചാര്യ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

കഴിഞ്ഞ വര്‍ഷം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ്ഗയും ഗുരുവായൂരപ്പന് വഴിപാടായി സ്വര്‍ണ കിരീടം സമര്‍പ്പിച്ചിരുന്നു. ശിവജ്ഞാനം എന്ന കോയമ്പത്തൂര്‍ സ്വദേശിയായ വ്യവസായിയാണ് ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. 32 പവന്‍ തൂക്കം വരുന്നതാണ് ഈ സ്വര്‍ണ കിരീടം. അന്ന് പതിനാല് ലക്ഷത്തിലേറെ രൂപ ചെലവിട്ടാണ് സ്വര്‍ണ കിരിടം സമര്‍പ്പിച്ചത്.

Exit mobile version