പച്ച: അതെ ഇവിടെ എത്തിയാല്‍ ഒന്ന് സ്പീഡ് കുറച്ചേക്കൂ.. യാത്രക്കാരുടെ വേഗം കുറപ്പിച്ച് റിട്ട. അധ്യാപകന്. അമിത വേഗതമൂലം അടിക്കടി ജീവന് പൊലിയുന്ന തിരുവല്ലാ-അമ്പലപ്പുഴ റോഡിലെ പച്ചയിലാണ് അധ്യാപകന് വണ്ടികള്‍ക്ക് നിര്‍ദേശം നല്‍കുന്നത.്
എടത്വ-തകഴി സംസ്ഥാന പാതയില്‍ പച്ച ജംഗ്ഷനില്‍ റോഡില്‍ സ്ലോയെന്ന് മഞ്ഞ പെയിന്റ് ഉപയോഗിച്ച് എഴുതി ടിടി ഫ്രാന്‍സിസ് സിഗ്നല്‍ നടപ്പാക്കി. പലകുറി അധികൃതരെ അറിയിച്ചിട്ടും പൊതുമരാമത്തും അധികാരികളും തിരിഞ്ഞ് നോക്കിയില്ല തുടര്‍ന്നാണ് അധ്യാപകന്റെ നീക്കം.
പച്ചയിലെ ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദിവസേന നൂറുകണക്കിനു വിദ്യാര്‍ത്ഥികളാണ് എത്തുന്നത്. റോഡ് നവീകരണം പൂര്‍ത്തിയാക്കി മാസങ്ങള്‍ പിന്നിട്ടിട്ടും ജംഗ്ഷനില്‍ നടപ്പാതയോ സിഗ്നലോ സ്ഥാപിക്കാന്‍ പൊതുമരാമത്ത് റോഡ് വിഭാഗം തയാറായില്ല. എന്നാല്‍ പോലീസില്‍ പരാതി നല്‍കിയിട്ടും കാര്യമുണ്ടായില്ലെന്ന് ടിടി ഫ്രാന്‍സിസ് പറയുന്നു.
കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ ജംഗ്ഷനിലും സമീപ സ്ഥലങ്ങളിലുമായി വലുതും ചെറുതുമായി 25 ഓളം അപകടം നടന്നിരുന്നു. വീട്ടമ്മ ഉള്‍പ്പെടെ നാലുപേര്‍ അപകടത്തില്‍ മരിച്ചു. വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരും നിരവധിയുണ്ട്. അപകടം തുടര്‍ന്നിട്ടും ജംഗ്ഷനില്‍ സിഗ്നല്‍ സ്ഥാപിക്കാനും പിന്‍വലിച്ച ഹോം ഗാര്‍ഡിനെ തിരിച്ചുവിളിക്കാനും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
Discussion about this post