കോഴിക്കോട്: ഇറാൻ പിടിച്ചെടുത്ത ഇസ്രയേലി ശതകോടീശ്വരന്റെ ചരക്കുകപ്പലിൽ മൂന്ന് മലയാളികളും. കോഴിക്കോട്, വയനാട്, പാലക്കാട് സ്വദേശികളാണ് കപ്പലിൽ കുടുങ്ങിക്കിടക്കുന്നത്. മൂന്ന് മലയാളികളാണ് ഉൾപ്പടെ 25 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇതിൽ 17 പേരും ഇന്ത്യക്കാരാണ്. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് സ്വദേശി സുമേഷ്, വയനാട്ടുകാരനായ പിവി ധനേഷ് എന്നിവരാണ് കപ്പലിലുള്ള മലയാളികൾ. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഡിയാക് മാരിടൈമിന്റേതാണ് പോർച്ചുഗീസ് പതാക നാട്ടിയ എംഎസ്‌സി ഏരീസ് എന്ന കണ്ടെയ്‌നർ കപ്പൽ.
ഈ കപ്പലിലെ ജീവനക്കാരനായ ശ്യാംനാഥ് ലക്ഷദീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിൽ നിന്ന് വിരമിച്ച രാമനാട്ടുകര സ്വദേശി പിവി വിശ്വനാഥന്റെ മകനാണ്. ശനിയാഴ്ച ശ്യാംനാഥ് കുടുംബത്തോട് സംസാരിച്ചിരുന്നെന്നും അപ്പോൾ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് പിതാവ് പറയുന്നത്. പിന്നീട് കപ്പൽ കമ്പനിയുടെ മുംബൈയിലെ ഓഫീസിൽ നിന്ന് വിളിച്ച് കാര്യങ്ങൾ അറിയിച്ചിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.
കപ്പലിലെ സെക്കൻഡ് എഞ്ചിനീയറാണ് ശ്യാംനാഥ്. ഏഴു മാസം മുമ്പാണ് ശ്യാംനാഥ് നാട്ടിൽ വന്ന് പോയത്. പത്ത് വർഷമായി ഈ കമ്പനിയിൽ ജോലി ചെയ്ത് വരികയാണ്. കപ്പലിലെ സെക്കൻഡ് ഓഫീസറാണ് വയനാട് കാട്ടിക്കുളം പാൽവെളിച്ചം പൊറ്റെങ്ങോട്ട് സ്വദേശി പിവി ധനേഷ്.
രണ്ടുമാസം പ്രായമായ മകളെ ആദ്യമായി കാണാൻ എത്താനിരിക്കെയാണ് ധനേഷ് ഇറാൻ സേനയുടെ പിടിയിലായത്. കുഞ്ഞിന്റെ ഇരുപത്തിയെട്ടുകെട്ട് ചടങ്ങ് ധനേഷ് വന്നിട്ട് നടത്താനായി കാത്തിരിപ്പിലായിരുന്നു വീട്ടുകാർ. എട്ടുമാസം മുമ്പാണ് ധനേഷ് വീട്ടിൽനിന്ന് പോയത്.
ദുബായിൽനിന്ന് മുംബൈയിലെ നവഷേവ തുറമുഖത്തേക്ക് വരുകയായിരുന്ന എംഎസ്‌സി ഏരീസ് എന്ന കപ്പലാണ് ഹോർമുസ് കടലിടുക്കിൽവെച്ച് ഇറാൻ പിടിച്ചെടുത്തത്. ഇറാന്റെ ഔദ്യോഗികസേനാ വിഭാഗമായ റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) കപ്പൽ ശനിയാഴ്ച പിടിച്ചെടുത്ത് തീരത്തേക്കടുപ്പിച്ചിരിക്കുകയാണ്.