കോഴിക്കോട്: പ്രണയക്കെണിക്ക് എതിരായ ബോധവത്കരണം എന്ന നിലയിൽ താമരശേരി രൂപതക്ക് കീഴിൽ ഇന്ന് കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുമെന്ന് അറിയിപ്പ്. രൂപതക്ക് കീഴിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലുമാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. വൈകിട്ട് മൂന്ന് മണിക്ക് ശേഷം കെസിവൈഎമ്മിന്റെ വിവിധ യൂണിറ്റുകളിൽ സിനിമയുടെ പദർശനം ഉണ്ടാകും.
ഇതേ ചിത്രം പ്രദർശിപ്പിച്ച്് വിവാദത്തിലായ ഇടുക്കി രൂപതയ്ക്കുള്ള ഐക്യദാർഢ്യം കൂടിയാണ് താമരശേരി രൂപതയുടെ സിനിമാപ്രദർശനത്തിലൂടെ വെളിപ്പെടുന്നത്. സിനിമ പ്രദർശിപ്പിച്ച ഇടുക്കി രൂപതക്ക് അഭിനന്ദനവുമായി താമരശേരി രൂപത രംഗത്തെത്തിയിരുന്നു.
പ്രണയക്കെണിക്ക് എതിരായ ബോധവത്കരണം എന്ന നിലയിലാണ് പ്രദർശനം സംഘടിപ്പിക്കുന്നതെന്നാണ് വാദം. തെറ്റായ രാഷ്ട്രീയ സന്ദേശം നൽകുമെന്ന് കെസിബിസിയും സിറോ മലബാർ സഭയും മുന്നറിയിപ്പ് നൽകിയിട്ടും സിനിമ പ്രദർശിപ്പിക്കുമെന്ന നിലപാടിലാണ് താമരശേരി രൂപത.
അതേസമയം, വിവാദങ്ങൾക്കിടെ മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ‘മണിപ്പൂർ ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്’ എന്ന ഡോക്യുമെന്ററി എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള പളളിയിൽ പ്രദർശനം നടത്തിയിരുന്നു. സാൻജോപുരം പള്ളിയിലെ നൂറിലേറെ വരുന്ന വേദപഠനം വിദ്യാർത്ഥികൾക്ക് മുന്നിലാണ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്.
മണിപ്പൂർ കലാപത്തെ കുറിച്ച് കുട്ടികൾ അറിഞ്ഞിരിക്കണമെന്നും അതിന് വേണ്ടിയാണ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചതെന്നും പള്ളി വികാരി നിധിൻ പനവേലിൽ പ്രതികരിച്ചിരുന്നു.