കോഴിക്കോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന അബ്ദു റഹീമിനെ മോചിപ്പിക്കാനുള്ള പണം സ്വരൂപിക്കാന്‍ സാധിച്ചതിലുള്ള സന്തോഷത്തിലാണ് കുടുംബം. കാരുണ്യ മനസ്സുകള്‍ക്ക് നന്ദിയറിയിച്ചിരിക്കുകയാണ് റഹീമിന്റെ കുടുംബം. നാട്ടിലുള്ളവരും പുറം നാട്ടിലുള്ളവരും അള്ളാന്റെ ഭൂമിയിലുള്ള എല്ലാവരും സഹായിച്ചതുകൊണ്ടാണ് പൈസ ഇത്രയും ലഭിച്ചതെന്ന് റഹീമിന്റെ ഉമ്മ പറഞ്ഞു. എന്റെ കുട്ടിയെ കണ്ട്, കൂടെ താമസിച്ച് മരിക്കാന്‍ പടച്ചോന്‍ വിധി തരട്ടേയെന്നും മാതാവ് പറയുന്നു.
റഹീം നാട്ടിലേക്കെത്തി ഉമ്മാക്ക് കണ്‍കുളിര്‍ക്കെ കണ്ടാല്‍ മാത്രമേ ഉമ്മാന്റെ സന്തോഷം പൂര്‍ണ്ണതയിലെത്തുകയുള്ളൂവെന്ന് ബന്ധു പറഞ്ഞു. റഹീമിന് വേണ്ടി ഉമ്മ നോമ്പ് നോറ്റിയിരിക്കുകയാണ്. റഹീം വിളിച്ചിരുന്നതായും ബന്ധു പറഞ്ഞു. റഹീമും വ്രതാനുഷ്ഠാനത്തിലാണ്. മോചനത്തിനായുള്ള 34 കോടി രൂപ സമാഹരിച്ചുവെന്ന് പറഞ്ഞിട്ട് റഹീമിന് വിശ്വസിക്കാനായിട്ടില്ലെന്നും ബന്ധു പറഞ്ഞു. റഹീം വളരെ സന്തോഷത്തിലാണ്. പറയാന്‍ വാക്കുകളില്ല, റഹീമിനായി കൈകോര്‍ത്ത എല്ലാവരോട് കുടുംബത്തിന്റെ നന്ദിയും അറിയിച്ചു.
വശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദിയിലെ ജയില്‍ കിടക്കുന്ന കോഴിക്കോട് സ്വദേശിയായ അബ്ദു റഹീമിനെ മോചിപ്പിക്കാനായി 34 കോടി രൂപയാണ് സമാഹരിച്ചത്. ഇതിനായി സഹായസമിതിയുടെ നേതൃത്വത്തിലാണ് പണം സമാഹരിച്ചത്. ലോകമെമ്പാടുമുള്ള മലയാളി സമൂഹം റഹീമിനായി ഒറ്റക്കെട്ടായി നിന്നതോടെയാണ് ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്.
സ്‌പോണ്‍സറുടെ മകന്റെ മരണത്തിന് കാരണമായി എന്ന കുറ്റത്തിനാണ് കഴിഞ്ഞ 18 വര്‍ഷമായി കോഴിക്കോട് ഫറോക്ക് സ്വദേശിയായ അബ്ദു റഹീം സൗദിയിലെ ജയിലില്‍ കഴിയുന്നത്. കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബ്ദുറഹീം തന്റെ 26ാം വയസ്സില്‍ 2006ലാണ് ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദില്‍ എത്തിയത്. സ്‌പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാന്‍ അല്‍ ഷഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു.
2006 ഡിസംബര്‍ 24നാണ് അബ്ദുറഹീമിന്റെ കൂടെ വാനില്‍ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്. ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്‌നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയും ചെയ്തു.
ഇതോടെ ഭയന്നു വിറച്ച റഹീം ബന്ധുവായ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ച് വരുത്തി. കവര്‍ച്ച സംഘം റഹീമിനെ ബന്ധിയാക്കി അനസിനെ ആക്രമിച്ചു എന്ന രീതിയില്‍ ഇരുവരും ചേര്‍ന്ന് കള്ളക്കഥയുണ്ടാക്കി. റഹീമിനെ സീറ്റില്‍ കെട്ടിയിട്ടു പോലീസിനെ വിവരം അറിയിച്ചു. എന്നാല്‍, പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സംഭവം കള്ളക്കഥയാണെന്ന് ബോധ്യപ്പെടുകയും ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. പത്ത് വര്‍ഷത്തിന് ശേഷം നസീറിന് ജാമ്യം ലഭിച്ചു. റഹീം വധ ശിക്ഷയും കാത്ത് 16 വര്‍ഷമായി അല്‍ഹായിര്‍ ജയിലില്‍ തുടരുകയാണ്.