ഇതാണ് മലയാളി…മറ്റൊരു കേരള മാതൃക: അബ്ദു റഹീമിന്റെ ജീവന്‍ രക്ഷിയ്ക്കാന്‍ കൈ കോര്‍ത്ത നന്മയെ അഭിനന്ദിച്ച് മന്ത്രി ശിവന്‍കുട്ടി

കൊച്ചി: വധശിക്ഷ കാത്ത് സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിന്റെ ജീവന്‍ രക്ഷിയ്ക്കാന്‍ ക്രൗഡ് ഫണ്ടിംഗിലൂടെ 34 കോടി സമാഹരിച്ച കേരള മോഡലിനെ അഭിനന്ദിച്ച് മന്ത്രി വി ശിവന്‍കുട്ടി. ഇതാണ് മലയാളിയെന്നും ഇതാണ് കേരള മാതൃകയെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ന് വൈകുന്നേരത്തോടെയാണ് അബ്ദു റഹീമിന്റെ മോചനത്തിനായുള്ള ദയാധന സമാഹരണം ലക്ഷ്യം കണ്ടത്. തുടര്‍ന്ന് ഇനി പണം അക്കൗണ്ടിലേക്ക് നിക്ഷേപിക്കരുതെന്ന് സഹായസമിതി അറിയിച്ചിരുന്നു. അബ്ദു റഹീമിന്റെ മോചനത്തിനായി ആരംഭിച്ച ട്രസ്റ്റ് വഴിയാണ് പണസമാഹരണം നടത്തിയത്. ഈ പണം ഇന്ത്യന്‍ എംബസി മുഖേന സൗദി കുടുംബത്തിന് കൈമാറും.

സൗദിയില്‍ ജോലി ചെയ്തിരുന്ന അബ്ദുള്‍ റഹീമിന് പറ്റിയ കൈയ്യബദ്ധത്തില്‍ സ്‌പോണ്‍സറുടെ ഭിന്ന ശേഷിക്കാരനായ മകന്‍ മരിച്ചതോടെയാണ് ജയിലഴിക്കുള്ളിലായത്. നിരന്തരമായ ഇടപെടലുകളെ തുടര്‍ന്ന് 34 കോടി രൂപ മോചനദ്രവ്യമായി നല്‍കിയാല്‍ ശിക്ഷ ഒഴിവാക്കാമെന്ന് കുടുംബം സമ്മതിച്ചു. ഏപ്രില്‍ 16 ആണ് അവസാന തിയതി.

Exit mobile version