തിരുവനന്തപുരം: ഇത് ലോക്‌സഭയിലേക്കുള്ള തന്റെ അവസാനത്തെ മത്സരമാണെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. എന്നാല്‍ രാഷ്ട്രീയം നിര്‍ത്തുകയല്ലെന്നും ശശി തരൂര്‍ പറഞ്ഞു.
കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ വ്യത്യസ്തമായ പങ്ക് നിര്‍വഹിക്കാന്‍ അവസരം കിട്ടിയാല്‍ അത് നിര്‍വഹിക്കും. ബിജെപി ഭരണം തുടരുകയാണെങ്കില്‍ വിവാദ തീരുമാനങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുമെന്നും ശശി തരൂര്‍ പറഞ്ഞു.
പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി അച്ഛന്‍ എകെ ആന്റണിയോട് മര്യാദയും സ്‌നേഹവും കാണിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു. അച്ഛന്റെ ദുഖം അനില്‍ മനസിലാക്കണം. അനില്‍ തീവ്ര ബിജെപി നയങ്ങള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ദു:ഖമുണ്ട്. താന്‍ മകനെ പോലെ കണ്ട് പ്രോത്സാഹിപ്പിച്ച നേതാവാണ് അനില്‍ ആന്റണി.
പത്തനംതിട്ടയിലെ തോല്‍വി, അനിലിനെ പല പാഠങ്ങളും പഠിപ്പിക്കുമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. എകെ ആന്റണി പഠിപ്പിക്കാന്‍ ശ്രമിച്ച കാര്യങ്ങള്‍ ഇത്ര വേഗത്തില്‍ അനില്‍ മറന്നുപോയി. അനില്‍ ഉപയോഗിച്ച ഭാഷ കോണ്‍ഗ്രസില്‍ ഉപയോഗിക്കാറില്ല. അതിനെ കുറിച്ച് കൂടുതല്‍ പറയാന്‍ ആഗ്രഹമില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.