കാഞ്ഞങ്ങാട്: റോഡിൽ കലുങ്ക് നിർമ്മിക്കാനെടുത്ത കുഴിയിൽ ഇരുചക്ര വാഹനം വീണ് മരണപ്പെട്ട യുവാവിന്റെ കുടുംബത്തിന് ഒടുവിൽ നീതി. യുവാവിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. വടക്കേ പുലിയന്നൂരിലെ ടിപി സിബിൻരാജാണ് കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് മരിച്ചത്. ഈ സംഭവത്തിൽ നീതി തേടി അമ്മ ടിപി സുനിതി നൽകിയ ഹർജിയിലാണ് ഹൊസ്ദുർഗ് സബ് ജഡ്ജി എംസി ബിജു നഷ്ടപരിഹാരം വിധിച്ച് ഉത്തരവായത്. സർക്കാരും കരാറുകാരനും ചേർന്നാണ് നഷ്ടപരിഹാരത്തുക നൽകേണ്ടത്.
കാസർകോട് ചോയ്യങ്കോട്-ഭീമനടി റോഡിൽ തലയടുക്കത്ത് കലുങ്ക് നിർമാണത്തിനായി എടുത്ത കുഴി 2020 മാർച്ച് 19-നാണ് ഒരു ജീവനെടുത്തത്. പെയിന്റിങ് തൊഴിലാളിയായ സിബിൻരാജ് രാവിലെ അതുവഴി പോയിരുന്നു. ഈ സമയത്ത് കലുങ്ക് നിർമ്മാണം ആരംഭിച്ചിരുന്നില്ല. അതിനുശേഷമാണ് കലുങ്ക് നിർമാണത്തിന് മീറ്ററുകളോളം ഭാഗം റോഡ് കിളച്ചിട്ടത്.
കൂടാതെ, അതിനടുത്ത് കരിങ്കല്ലും ജില്ലിയും കൂട്ടിയിട്ടിരുന്നു. പിന്നീട് രാത്രി ഒൻപതരയോടെ സിബിൻരാജ് വീട്ടിലേക്ക് മടങ്ങുമ്പോൾ മുന്നറിയിപ്പ് ബോർഡിൽ തട്ടി ഇരുചക്രവാഹനം മറിഞ്ഞ് സിബിൻ തെറിച്ചുവീഴുകയായിരുന്നു. തുടർന്ന് ആളുകൾ ഓടിക്കൂടി ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.
മുന്നറിയിപ്പ് ബോർഡിൽ വെളിച്ചമുണ്ടായിരുന്നില്ലെന്നും അതിനാലാണ് അപകടം നടന്നതെന്നും ഹർജിക്കാരി വാദിച്ചു. ശബ്ദംകേട്ട് ഓടിയെത്തിയവർ മൊബൈൽ ഫോണിന്റെ ടോർച്ചടിച്ചുനോക്കിയപ്പോഴാണ് സിബിൻരാജ് വീണുകിടക്കുന്നത് കണ്ടതെന്നും മുന്നറിയിപ്പ് ബോർഡിന് റിഫ്‌ളക്ടറോ എൽഇഡി വെളിച്ചമോ ഉണ്ടായിരുന്നില്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. കൂടാതെ, മീറ്ററുകൾക്കിപ്പുറം മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്ന വ്യവസ്ഥയും കരാറുകാരൻ ലംഘിച്ചെന്നാണ് കണ്ടെത്തൽ.