ഹരിപ്പാട്: പാചകം ചെയ്യുന്നതിനിടയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. പള്ളിപ്പാട് നാലുകെട്ടും കവല വിശാഖത്തില് ബിനുവിന്റെ വീട്ടിലാണ് അപകടം ഉണ്ടായത്. ബുധനാഴ്ച വൈകുന്നേരം ബിനുവിന്റെ ഭാര്യ ലത (46) പാചകം ചെയ്യുന്നതിനിടയിലാണ് തീപിടുത്തം ഉണ്ടായത്.
ഉടന്‍തന്നെ വീട്ടിലുള്ളവര്‍ പുറത്തിറങ്ങിയതിനാല്‍ ആര്‍ക്കും കാര്യമായ പരിക്കുകള്‍ ഉണ്ടായില്ല. ലതയുടെ കാലിനും മകന് അശ്വിന്റെ കൈക്കും നേരിയ പരിക്കുണ്ട്. അടുക്കളയ്ക്കുള്ളില്‍ ഉണ്ടായിരുന്ന ഉപകരണങ്ങള്‍ പൂര്‍ണമായും അഗ്നിക്കിരയായി. ഫ്രിഡ്ജ്, വാഷിംഗ് മെഷീന് അടുക്കളയിലെ മറ്റ് പാത്രങ്ങളെല്ലാം പൂര്‍ണമായും നശിച്ചു. അടുക്കളയുടെ ഭിത്തികള്‍ക്കും കാര്യമായ തകരാറുകള്‍ സംഭവിച്ചു.
ഹരിപ്പാട് നിന്നും അഗ്നി രക്ഷാസേന സ്ഥലത്തെത്തിയാണ് തീ അണച്ചത്. സിലിണ്ടറില്‍ ഏകദേശം മൂന്ന് ഇഞ്ചോളം വലിപ്പത്തില്‍ മാത്രമാണ് പൊട്ടല്‍ ഉണ്ടായത്. അതിനാലാണ് വലിയ അപകടം ഉണ്ടാവാഞ്ഞതെന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Discussion about this post