കോഴിക്കോട്: സുൽത്താൻ ബത്തേരിയുടെ പേരുമാറ്റം അനിവാര്യമാണെന്ന് ആവർത്തിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുൽത്താൻ ബത്തേരി എന്ന പേരെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സുൽത്താൻ ബത്തേരിയല്ല, അത് ഗണപതിവട്ടമാണ്. വിഷയം 1984-ൽ പ്രമോദ് മഹാജൻ ഉണയിച്ചതാണെന്നും സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നേരത്തെ താൻ ജയിച്ചാൽ സുൽത്താൻ ബത്തേരി ഗണപതിവട്ടം എന്നാക്കുമെന്ന കെ സുരേന്ദ്രന്റെ പ്രതാവന വലിയ വിവാദമായിരുന്നു. സുൽത്താൻ ബത്തേരിയുടെ യഥാർത്ഥ പേര് ഗണപതിവട്ടം എന്നാണെന്നും ഒരു അക്രമിയുടെ പേരിൽ ഒരു സ്ഥലം എന്തിനാണ് അറിയപ്പെടുന്നതെന്നുമാണ് കെ സുരേന്ദ്രൻ ചോദിച്ചത്.
ടിപ്പുസുൽത്താൻ കൊള്ളക്കാരൻ, ക്ഷേത്രങ്ങൾ അക്രമിച്ച ആൾ, ഹിന്ദുക്കളെ മതം മാറ്റിയ ആൾ. വയനാട്ടുകാർക്കും, കേരളിയർക്കും ടിപ്പു സുൽത്താനുമായി യാതൊരു ബന്ധവും ഇല്ല. എന്തിനാണ് എൽഡിഎഫും യുഡിഎഫും ടിപ്പുവിന്റെ പുറകെ പോകുന്നതെന്നും കെ സുരേന്ദ്രൻ ചോദിച്ചിരുന്നു.
ഇതിനെതിരെ വയനാട് എംഎൽഎ ടി സിദ്ദിഖ് രംഗത്തെത്തിയിരുന്നു. പേര് മാറ്റം നടപ്പിലാക്കാനുള്ള പ്രാപ്തിയും കഴിവും സുരേന്ദ്രനില്ല. ജനശ്രദ്ധ കിട്ടാൻ വേണ്ടിയുള്ള ശ്രമമാണ് സുരേന്ദ്രൻ നടത്തുന്നതെന്നും സിദ്ദിഖ് വിമർശിച്ചു.
കൂടാതെ, സുരേന്ദ്രനല്ല മോഡി വിചാരിച്ചാലും വയനാട്ടിൽ അത് വിലപ്പോകില്ല. ചരിത്രത്തെ അപനിർമിക്കുകയാണ് സംഘപരിവാർ അജണ്ടയെന്നും ടി സിദ്ദിഖ് പറഞ്ഞു.